'ഞങ്ങള്‍ തമ്മില്‍ നല്ല വ്യക്തിബന്ധം'; ഷിയുമായി സംസാരിച്ചതായി ട്രംപ്: ചൈന മൗനത്തില്‍
വാഷിങ്ടണ്‍: അന്താരാഷ്ട്ര വിഷയങ്ങളില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധം ഏറെ നാളായി ഒട്ടും സുഖകരമല്ല. തായ്വാന്‍, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ പ്രശ്‌നം, വ്യാപാരത്തീരുവ, കോവിഡ് ഉത്ഭവം, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലയളവിലും ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര സംഘര്‍ഷത്തിന് അയവുണ്ടായിരുന്നില്ല.
അമേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ കാലയളവിലും അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. രണ്ടാം വട്ടം പ്രസിഡന്റായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ തന്നെ ട്രംപ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് പുതിയ തീരുവ ചുമത്തി. ഇതിന് ശക്തമായ തിരിച്ചടിയാണ് ചൈനയും നല്‍കിയത്. നിരവധി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനാണ് ചൈനയുടെ തീരുമാനം. തീര്‍ന്നില്ല, ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാല്‍ വൈറ്റ് ഹൗസില്‍ നിന്ന് ഏറ്റവും പുതുതായി വരുന്ന വാര്‍ത്തകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആശ്വാസം പകരുന്നതാണ്. താനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നല്ല വ്യക്തി ബന്ധമുണ്ടെന്നാണ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് പദത്തിലെത്തിയ ശേഷം ഷി ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചതായി ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. നയതന്ത്ര തലത്തില്‍ യു.എസും ചൈനയും തമ്മില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍ പോസിറ്റീവായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഷി ജിന്‍പിങ്ങുമായി സംസാരിച്ചോ എന്നായിരുന്നു അവതാരകന്റെ ചോദ്യം 'ഞാന്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു, ഷി ജിന്‍പിങ്ങിന്റെ ജനങ്ങളുമായും സംസാരിച്ചു' - ട്രംപ് മറുപടി പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല.
ലോകത്തിലെ രണ്ട് നിര്‍ണായക സമ്പദ് ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ഷിയുമായി ഉടനടി സംസാരിക്കേണ്ട കാര്യമില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഷി ജിന്‍പിങ്ങുമായി സംസാരിച്ചതായുള്ള ട്രംപിന്റെ വെളിപ്പെടുത്തല്‍ വരുന്നത്. അതേസമയം ഈ വിഷയത്തില്‍ ബീജിങ് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications