ദേശാടനത്തെ ഹിറ്റാക്കിയ മുത്തച്ഛൻ: വിടപറഞ്ഞത് മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി
കണ്ണൂർ: ദേശാടനത്തിലെ ഗാനങ്ങളെഴുതിക്കാൻ പയ്യന്നൂരിലെ കൈതപ്രത്തിൻ്റെ വീട്ടിലെത്തിയ സംവിധായകൻ ജയരാജ് മടങ്ങുമ്പോൾ കൂടെ കൂട്ടിയത് മനസിൽ കൈതപ്രമെഴുതിയ വരികൾ മാത്രമല്ല അദ്ദേഹത്തിൻ്റെ ഭാര്യ പിതാവിനെ കൂടിയായിരുന്നു. എഴുപതു വയസു കഴിഞ്ഞിട്ടും കുസൃതി ചിരിയും വിടർന്ന കണ്ണുകളും നിഷ്കളങ്ക മുഖവുമുള്ള ആ മുത്തച്ഛൻ നേരത്തെ സിനിമയിലെത്തിയിരുന്നുവെങ്കിൽ നിത്യവസന്തം പ്രേം നസീർ പോലും തോറ്റു പോകുന്ന സുന്ദരനായ താരമായി മാറിയേനെയെന്ന തോന്നലും ജയരാജ് പിന്നീട് പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ ആരെയും പൊട്ടി ചിരിപ്പിക്കുന്ന കല്യാണരാമനിലെ കുസൃതിയായ മുത്തച്ഛൻ്റെ ആദ്യ നിയോഗം ദേശാടനത്തിലൂടെ പ്രക്ഷേ ക രെ കരയിപ്പിക്കുകയെന്നതായിരുന്നു. വിയോഗത്തിൻ്റെയും വിഷാദത്തിൻ്റെയും ഉള്ളു നുറങ്ങും വിധം ദേശാടനത്തിലെ കളിവീടുറങ്ങിയല്ലോയെന്ന പാട്ടിലെ ദ്യശ്യങ്ങൾ കണ്ട് ഓരോമലയാളിയും കരഞ്ഞു പിന്നീട് മലയാള സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം ലഭിക്കാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് മറ്റാരോടും അനുമതി ചോദിക്കേണ്ടി വന്നില്ല. ശോകത്തിൽ നിന്നും ഹാസ്യത്തിലേക്കുള്ള ചുവടുമാറ്റം കല്യാണരാമനിലെ ശൃംഗാരിയായ മുത്തച്ഛനിലുടെ തീയേറ്ററുകൾ ഇളക്കിമറിച്ചിരുന്നു.
ചലച്ചിത്ര ഗാന രചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവെന്നതിനപ്പുറം ഉണ്ണികൃഷ്ണൻ നമ്പൂതിരിയെന്ന (97) സ്വഭാവനടൻ വളർന്നു കഴിഞ്ഞ കുറെക്കാലമായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായതിനെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മടങ്ങിയത്. വാർദ്ധക്യസഹജമായ അവശതകൾ. ഏറെക്കാലമായി അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ബുധനാഴ്ച്ചവൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
1996-ൽ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പർതാരമായ രജനീകാന്തിന്റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം വേഷമിട്ടു.
1922 ഒക്ടോബർ 25 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജനനം. പയ്യന്നൂർ ബോയ്സ് ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്. കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു അദ്ദേഹം. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവിൽ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിലായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കാറുണ്ട്. എകെജി അയച്ച കത്തുകള് ഇന്നും നിധിപോലെ അദ്ദേഹം സൂക്ഷിക്കുന്നുമുണ്ട്.
മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. എഴുപത്തിയാറാം വയസ്സിലായിരുന്നു സിനിമയിലരങ്ങേറ്റം കുറിച്ചത്. കൈതപ്രത്തിന്റെ വീട്ടിലെത്തിയ സംവിധായകൻ ജയരാജ് തന്റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛൻ കഥാപാത്രമായി കൈതപ്രത്തിന്റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെ, മലയാളത്തിന് മനോഹരമായി കുസൃതിയോടെ ചിരിക്കുന്ന ഒരു മുത്തച്ഛനെ കിട്ടി.
ഒരിക്കൽ പയ്യന്നൂർ കോറോത്തെ പുല്ലേരി വാധ്യാരില്ലത്ത് എത്തിയ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു: '92ാം വയസ്സിൽ ശൃംഗാരം അഭിനയിക്കാൻ നമുക്കൊരു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മാത്രമാണുള്ളത്.’തൊണ്ണൂറ് പിന്നിട്ടൊരാൾ മുതുമുത്തച്ഛനായോ തറവാട്ടു കാരണവരായോ അഭിനയിച്ചേക്കാം. ഈ പ്രായത്തിൽഅശ്ലീലമാവാതെ ശൃംഗാരം ഉൾപ്പെടെ അഭിനയിക്കണമെങ്കിൽലക്ഷണമൊത്തൊരു പ്രതിഭാശാലിയാകണം.
ദേശാടനം മുതൽ മലയാളത്തിലും തമിഴിലുമായി ഇരുപതിലധികം സിനിമകൾ. തമിഴിൽ കമൽഹാസന്റെ പമ്മൽ കെ സംബന്ധവും മമ്മൂട്ടിക്കും അജിത്തിനുമൊപ്പം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനും പോലുള്ള മികച്ച സിനിമകൾ. പരേതയായ ലീലാ അന്തർജ്ജനമാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണൻ.