സ്ഥലംമാറ്റ വിവാദത്തില്‍ ബല്‍റാം ത്രിശങ്കുവില്‍
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികടെ സ്ഥലം മാറ്റിയ വിവാദത്തിലും അഭിപ്രായം പറയാന്‍ തൃത്താല എംഎല്‍എ വിടി ബല്‍റാം ഫേസ്ബുക്കില്‍ റെഡിയാണ്. പക്ഷേ പതിവില്‍ നിന്ന് വ്യത്യസ്തമായി അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാത്ത അഭിപ്രായ പ്രകടനവുമായാണ് ബല്‍റാം ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.
അധ്യാപികയുടെ ഭാഗത്താണ് ന്യായമെന്ന് ബഹുഭൂരിപക്ഷം പേരും പറയുമ്പോള്‍ അതിനെ പൂര്‍ണമായും തള്ളിക്കളയാന്‍ ബല്‍റാമിന് കഴിയുന്നില്ല. മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ച വിദ്യാഭ്യാസമന്ത്രിയെ കൈവിടാന്‍ കഴിയുകയും ഇല്ല. പക്ഷേ ആത്യന്തികമായി അധ്യാപിക ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞുവക്കുകയാണ് ബല്‍റാം ചെയ്തിരിക്കുന്നത്.

നിയമസഭ സമ്മേളനം നടക്കുമ്പോള്‍ മന്ത്രി ചിലപ്പോള്‍ വൈകിയെന്നിരിക്കും. എല്ലാ പൊതുപ്രവര്‍ത്തകരും ഇത്തരം പ്രതിസന്ധികളെ നേരിടുന്നുണ്ട്. വൈകിയെത്തിയതിന് ക്ഷമാപണം നടത്തിയിട്ടും അധ്യാപിക മന്ത്രിയെ വിമര്‍ശിച്ചത് ഉചിതമായിരുന്നോ എന്നാണ് ബല്‍റാം എംഎല്‍എ ചോദിക്കുന്ന ചോദ്യം. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കുണ്ടാകുന്നത് ശരിയല്ലെന്ന് ബല്‍റാം പറയുന്നുണ്ടെങ്കിലും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ അധ്യാപിക ഔചിത്യം മറന്നു എന്ന് തന്നെയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞുവക്കുന്നത്. ഊര്‍മിള ടീച്ചറുടെ പ്രസംഗം എംഎല്‍എ കേട്ടിട്ടില്ലെന്ന് തോന്നുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അധ്യാപികയെ സ്ഥലം മാറ്റിയ നടപടി ശരിയായില്ലെന്ന് തന്നെയാണ് ബല്‍റാമിന്റെ അഭിപ്രായം. കടുത്ത ശിക്ഷ നല്‍കേണ്ട ഒരു കുറ്റമാണ് ഊര്‍മിള ടീച്ചര്‍ ചെയ്തതെന്നും ബല്‍റാം വിശ്വസിക്കുന്നില്ല. നടപടികളൊന്നും എടുക്കാതെ മന്ത്രി തന്നെ പ്രശ്‌നം അവസാനിപ്പിച്ചിരുന്നെങ്കില്‍ ഏറെ നന്നായിരുന്നുവെന്നും ബല്‍റാം തന്റെ പോസ്റ്റില്‍ പറയുന്നു.
ഏറ്റവും ഒടുവില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ബല്‍റാമിന്റെ വക ഒരു ഉപദേശവും ഉണ്ട്. ഇല വന്ന് മുള്ളില്‍ വീണാലും, മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലക്ക് തന്നെയാണ്....












Click it and Unblock the Notifications