വയനാട്ടില്‍ 4 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; അഞ്ച് പേര്‍ക്ക് രോഗ മുക്തി
തിരുവനന്തപുരം: വയനാട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു. മെയ് 27 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ കോളേരി സ്വദേശിയായ 26 കാരന്‍, ഇതേ ദിവസം കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ ബത്തേരി കല്ലുവയല്‍ സ്വദേശിയായ 46 കാരന്‍, മെയ് 26ന് ദുബായില്‍ നിന്നും നാട്ടിലെത്തിയ പനമരം അരിഞ്ചോര്‍മല സ്വദേശിയായ 26 കാരന്‍, 26 ന് കുവൈറ്റില്‍ നിന്നുമെത്തിയ കോറോം സ്വദേശിയായ 47 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം ക്വാറന്റയിനില്‍ കഴിഞ്ഞുവരികയായിരുന്നു.

അതേസമയം ജില്ലയ്ക്ക് ആശ്വാസമായി ഇന്ന് അഞ്ച് പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ നിന്നുമെത്തി കോവിഡ് രോഗം സ്ഥിരീകരിച്ച പനമരം അഞ്ചുകുന്ന് വെള്ളരിവയല്‍ സ്വദേശിയായ യുവാവ്, ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കാരക്കാമല സ്വദേശിയായ 46 കാരന്‍, ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരായ മൂന്ന് അതിഥി സംസ്ഥാന തൊഴിലാളികള്‍,മീനങ്ങാടി സ്വദേശിനിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി എന്നിവര്‍ ഇന്ന് രോഗമുക്തി ഉണ്ടായത്.
ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 55 ആയി ഉയര്‍ന്നു.ഇതില്‍ 26 പേര്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വയനാടിന് പുറമേ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം,കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 22, കുവൈറ്റ്- 4, ഒമാന്‍ - 3, നൈജീരിയ- 2, റഷ്യ - 2, സൗദി അറേബ്യ- 1) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്നാട്- 9, ഡല്‍ഹി - 3, കര്‍ണാടക - 1, അരുണാചല്‍ പ്രദേശ് - 1, ഗുജറാത്ത് - 1, ഉത്തര്‍പ്രദേശ് - 1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ന് പുതുതായി 5 ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 163 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.












Click it and Unblock the Notifications