വയനാട് നാലംഗ കുടുംബത്തിന്റെ ആത്മഹത്യ; കുറിപ്പില്‍ പരാമര്‍ശിച്ച അറുപതുകാരന്‍ അറസ്റ്റില്‍
തലപ്പുഴ: മാനന്തവാടി തവിഞ്ഞാല്‍ തിടങ്ങഴിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍. തിടങ്ങഴി ദേവകിമന്ദിരത്തില്‍ കുട്ടന്‍ എന്ന നാരായ ണന്‍(60)നെയാണ് തലപ്പുഴ എസ് ഐ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
വെണ്‍മണി തിടങ്ങഴിയില്‍ തോപ്പില്‍ വിനോദ്(48), ഭാര്യ മിനി(43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് വീടിനടുത്ത് കശുമാവില്‍ ശനിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദ് ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും ഏഴ് കത്തുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരെണ്ണം പോലീസിനും മറ്റൊരെണ്ണം കുടുംബശ്രീ സ്വാശ്രയ സംഘത്തിനും, മറ്റുള്ളവ അഞ്ച് വ്യക്തികള്‍ക്കുമായിരുന്നു.

ഈ കത്തിലാണ് തങ്ങളുടെ കൂട്ട മരണത്തിന് ഉത്തരവാദി അയല്‍വാസിയായ നാരായണനാണെന്ന് എഴു തിയിരുന്നു. വിനോദിനെ കുറിച്ചുള്ള അപവാദ പ്രചരണം പറഞ്ഞുപരത്തിയതില്‍ മനംനൊന്താണ് വിനോദും കുടുംബവും ആത്മഹത്യ ചെയ്തത്. ഇതാണ് പ്രേരണാകുറ്റം ചുമത്തി നാരായണനെ അറസ്റ്റ് ചെയ്യാനുള്ള കാരണം. മരിച്ച വിനോദിന്റെ വീടിന് സമീപം കഴിഞ്ഞ സെപ്റ്റംബര്‍ 30ന് രാജന്‍ എന്ന വ്യക്തി തൂങ്ങിമരിച്ചിരുന്നു.
ഇയാളുടെ ഭാര്യയുമായി വിനോദിന് ബന്ധമുണ്ടെന്ന് ആരോപിച്ച് മരിച്ചയാളുടെ വീട്ടുകാരും, ഭാര്യയുടെ വീട്ടുകാരും വിനോദിന്റെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. ഇക്കാര്യം നാട്ടുകാരില്‍ പലരുമറിഞ്ഞതോടെ വിനോദും, ഭാര്യയും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം വിനോദിന്റെ മക്കളും അറിഞ്ഞതോടെ ദുരഭിമാനം മൂലം കുടുംബം കൂട്ടത്തോടെ മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിനോദിന് അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞുപരത്തിയത് രാജന്റെ സഹോദരന്‍ കൂടിയായ നാരായണനായിരുന്നു. ഇയാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മാതാപിതാക്കളോടൊപ്പമാണ് തിടങ്ങഴിയിലാണ് വിനോദും കുടുംബവും താമസിച്ചുവന്നിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിനോദും കുടുംബവും മാനന്തവാടി പിലാക്കാവിലുള്ള സഹോദരി ഉഷയുടെ വീട്ടില്‍ പോയിരുന്നു. രാത്രിഭക്ഷണത്തിന് ശേഷം അവിടെ നിന്നും മടങ്ങിയ നാലു പേരും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
എന്നാല്‍ രാത്രി ഒമ്പത് മണിയോടെ ഇവരുടെ ജീപ്പ് വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ റോഡില്‍ നിര്‍ത്തിയിട്ടിരുന്നത് പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനിടയില്‍ വിനോദിന്റെ സഹോദരി ഉഷ മാതാപിതാക്കളെ വിളിച്ച് സഹോദരനും കുടുംബവും വീട്ടിലെത്തിയോ എന്ന് അന്വേഷിച്ചിരുന്നു. തുടര്‍ന്ന് വിനോദിനെയും കുടുംബത്തെയും നാട്ടുകാരില്‍ ചിലര്‍ അന്വേഷിച്ചുപോകുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കൊന്നും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.












Click it and Unblock the Notifications