റബ്ബർ തോട്ടത്തിനിടയിൽ കഞ്ചാവ് കൃഷി; വയോധികന് അറസ്റ്റിൽ
വയനാട്; കൃഷിയടത്തിൽ കഞ്ചാവ് ചെടികൾ നട്ട് പരിപാലിച്ച വയോധികൻ അറസ്റ്റിൽ. ചെന്നലോട് കോട്ടപ്പുറത്ത് ഇബ്രാഹിം (62)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നാല് മാസത്തോളം വളർച്ചയെത്തിയ ഒന്നര മീറ്ററിലധികം നീളമുള്ള രണ്ടു കഞ്ചാവുചെടികളാണ് ഇയാൾ വളർത്തിയിരുന്നത്.
ചെന്നലോട് ആശാരിക്കവല ഭാഗത്ത് പുത്തൂർ ഇബ്രാഹിം എന്നയാളുടെ റബ്ബർത്തോട്ടം പാട്ടത്തിനെടുത്ത് ഇടവിളക്കൃഷി ചെയ്യുകയായിരുന്നു അറസ്റ്റിലായ ഇബ്രാഹിം. ഇതിനിടയിലാണ് കഞ്ചാവ് നട്ട് വളർത്തിയത്. കൃഷികള്‍ക്കിടയില്‍ പ്രത്യേകം പരിപാലിച്ച രീതിയിലാണ് ചെടികള്‍ കണ്ടത്.

വയനാട് എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പി കൃഷ്ണന്‍കുട്ടി, പി കെ ചന്തു, വി കെ വൈശാഖ്, കെ എസ് നിധിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയേയും തൊണ്ടി മുതലും കൽപ്പറ്റ സ്‌പെഷ്യല്‍ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications