മരണമണി മുഴക്കി 'സീതമ്മക്കുണ്ട'; അപകടങ്ങള്‍ തുടര്‍ക്കഥ... മാസങ്ങള്‍ക്കിടയില്‍ മരിച്ചത് രണ്ടു പേര്, സുരക്ഷാ സംവിധാനമില്ലാത്തത് വിനയാകുന്നു!
മേപ്പാടി: വയനാട്ടില്‍ അടുത്തിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മേപ്പാടിയിലെ 'സീതമ്മക്കുണ്ട്'. എന്നാല്‍ സീതമ്മക്കുണ്ടിന്റെ സൗന്ദര്യം നുകരാനെത്തുന്നവരെ ഭയപ്പെടുത്തത് അവിടെ സംഭവിക്കുന്ന അപകടങ്ങളാണ്. മാസങ്ങള്‍ക്കിടയില്‍ സീതമ്മക്കുണ്ടിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് പേരാണ് മരിച്ചത്. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച സുല്‍ത്താന്‍ബത്തേരി വാകേരി സിസി സ്വദേശിയായ നിധിനാണ് (23) ഈ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്.
മരണമണി മുഴക്കി 'സീതമ്മക്കുണ്ട'; അപകടങ്ങള്‍ തുടര്‍ക്കഥ... മാസങ്ങള്‍ക്കിടയില്‍ മരിച്ചത് രണ്ടു പേര്
സീതമ്മക്കുണ്ടിന് ഒരു വശ്യതയുണ്ട്. പാറക്കെട്ടുകള്‍ക്ക് നടുവില്‍ പ്രത്യേകതരത്തില്‍ രൂപപ്പെട്ട വെള്ളം കെട്ടി നില്ക്കുന്ന വന്‍ കുഴിയും, പരന്നൊഴുകുന്ന നീര്‍ച്ചാലുകളുടെ സമൃദ്ധിയുമാണ് സീതമ്മക്കുണ്ടിനെ ആകര്‍ഷിക്കുന്നത്. സീതമ്മക്കുണ്ട് എന്ന് പേര് വരാനും ഒരു കാരണമുണ്ട്. ഇത് രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. വനവാസകാലത്ത് സീത കുളിച്ച സ്ഥലമാണിതെന്നാണ് ഐതിഹ്യം.
ഒരു കാലത്ത് സീതമ്മക്കുണ്ട് അത്ര പ്രശസ്തമായിരുന്നില്ല. ഇപ്പോള്‍ വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ സീതമ്മക്കുണ്ടിന് ഒരിടമുണ്ട്. അതിന്റെ പ്രധാന കാരണം സോഷ്യല്‍മീഡിയയാണ്. ഇവിടെ സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍മീഡിയയിലൂടെ പോസ്റ്റ് ചെയ്ത് പ്രചരണം നടത്തിയതോടെയാണ് ഈ സ്ഥലത്തേക്ക് കൂടുതല്‍ പേരെത്താനുള്ള പ്രധാന കാരണം. സാഹസികതയും വിനോദവും ഇഷ്ടപ്പെടുന്ന യുവാക്കളാണ് കൂടുതലും സീതമ്മക്കുണ്ടിലേക്കെത്തുന്നത്.
എന്നാല്‍ സ്ഥലത്തിന്റെ ദൃശ്യഭംഗി പോലെ തന്നെ സീതമ്മക്കുണ്ടിനെ ചുറ്റിപ്പറ്റി ഒരു നിഗൂഡത ഒളിഞ്ഞുകിടക്കുന്നതായും ചിലര്‍ വിശ്വസിക്കുന്നു. 2018 സെപ്റ്റംബര്‍ 16ന് മേപ്പാടി സ്വദേശിയായ വിദ്യാര്‍ത്ഥി സീതമ്മക്കുണ്ടില്‍ മുങ്ങിമരിച്ചിരുന്നു. ഇതിന് മുമ്പും എത്രയോ അപകടങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. ഒടുവില്‍ വ്യാഴാഴ്ച സീതമ്മക്കുണ്ട് മറ്റൊരു യുവാവിന്റെ കൂടി ജീവനെടുത്തു.
സീതമ്മക്കുണ്ടില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ഇവിടെയെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാനോ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനോ ബന്ധപ്പെട്ടര്‍ ഇതുവരെ തയ്യാറായിട്ടില്ല. വേണ്ട വിധത്തില്‍ പരിപാലിച്ചാല്‍ വിനോദസഞ്ചാരമേഖലക്ക് മുതല്‍ക്കൂട്ടായേക്കാവുന്ന സ്ഥലം കൂടിയാണിത്.
എന്നാല്‍ സഞ്ചാരികളുടെ ജീവന് നഷ്ടമാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇവിടെ സ്വീകരിക്കണമെന്ന് മാത്രം. സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളടക്കം ആവശ്യപ്പെടുന്നത്. ഇനിയും വേണ്ടത്ര സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി സീതമ്മക്കുണ്ടിനെ സംരക്ഷിച്ചില്ലെങ്കില്‍ മരണം മാടി വിളിക്കുന്ന പ്രകൃതിസൗന്ദര്യമെന്ന പേരിലാവും ഈ മനോഹരസ്ഥലം അറിയപ്പെടുക.