ആദിവാസി സാക്ഷരതാപദ്ധതി 200 കോളനികളിലേക്ക് കൂടി; 5342 പേര്‍ നിരക്ഷരരെന്നും കണ്ടെത്തല്‍
കല്‍പ്പറ്റ: ആദിവാസി സാക്ഷരതാപദ്ധതി രണ്ടാംഘട്ടത്തിലേക്ക്. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുത്ത 200 കോളനികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വയനാട്ടിലെ 2975 ആദിവാസി കോളനികളില്‍ നിന്നുളള 300 ആദിവാസി സാക്ഷരതാ കോളനികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്.
പുതുതായി കണ്ടെത്തിയ 200 കോളനികളില്‍ 2209 പുരുഷന്മാരും 3133 സ്ത്രീകളുമടക്കം 5342 പേര്‍ നിരക്ഷരാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 2993 പേര്‍ 15നും 50 നും ഇടയില്‍ പ്രായമുളളവരാണ്. ബാക്കിയുള്ള 2349 പേര്‍ 50ന് മുകളില്‍ പ്രായമുള്ളവരുമാണ്. കൂടാതെ നാലാംതരം പൂര്‍ത്തിയാക്കാത്തവര്‍ 1719 പേരും ഏഴാംതരം പൂര്‍ത്തിയാക്കാത്തവര്‍ 2132 പേരും പത്താം തരം പൂര്‍ത്തിയാക്കാത്തവര്‍ 2305പേരുമുണ്ട്. 1230 പേര്‍ പ്ലസ്ടു പൂര്‍ത്തിയാക്കാത്തവരാണ്.

531 പേര്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസം നേടിയവര്‍. 435 തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് താല്‍പ്പര്യമുളളവരാണെന്നുമാണ് സാക്ഷതാമിഷന്റെ പുതിയ കണ്ടെത്തല്‍.പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാമിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 200 കോളനികളില്‍ ഇതിനകം തന്നെ സര്‍വെ പൂര്‍ത്തിയാക്കി പഠിതാക്കളെ കണ്ടെത്തി ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.
പദ്ധതിക്കായി ആവശ്യമുള്ള പാഠപുസ്തകം, നോട്ട്ബുക്ക്, പേന തുടങ്ങിയ പഠനോപകരണങ്ങളും പഠന കേന്ദ്രത്തിലേക്ക് നെയിംബോര്‍ഡ്, റോള്‍ ബോര്‍ഡ്, ചോക്ക് തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളുടെ സാക്ഷരത ശതമാനം ഉയര്‍ത്തുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതി കൂടിയാണ് ആദിവാസി സാക്ഷരതാ പദ്ധതി.
രണ്ടാംഘട്ട പദ്ധതി അവലോകനയോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ എ.ദേവകി അധ്യക്ഷത വഹിച്ചു. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപന കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രേരക്മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications