കുളപ്പുരയിൽ ആദിവാസി ബാലൻ മരിച്ച നിലയിൽ; കൊലപാതകം... പ്രതി അറസ്റ്റിൽ!!
മാനന്തവാടി: മാനന്തവാടി കല്ലോടി പുളിയപ്പൊയില്‍ കോളനിയിലെ ബാലനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാനന്തവാടി വീട്ടിച്ചാല്‍ നാലുസെന്റ് കോളനിയിലെ ഓണനാണ് (26) അറസ്റ്റിലായത്. കല്ലോടി കൂളിപ്പൊയില്‍ കോളനിക്ക് സമീപമുള്ള അബ്ദുള്ള എന്നയാളുടെ കളപ്പുരയിലാണ് ബാലനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നത്.
ബാലന്റെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുള്ളതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപമണമുയര്‍ന്നിരുന്നു. മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്. പൊലീസ് പറയുന്നതിങ്ങനെ; ആഗസ്റ്റ് 21ന് ശ്രീനാരായണഗുരു സമാധി ദിനത്തില്‍ പ്രതി ഓണനും, കൊല്ലപ്പെട്ട ബാലനും വൈകുന്നേരം കല്ലോടി മക്കോളിക്കവലയില്‍ താമസിക്കുന്ന തോമസിന്റെ കൈയ്യില്‍ നിന്നും അന്നേദിവസം ജോലി ചെയ്തുകിട്ടിയ 600 രൂപ നല്‍കി നാടന്‍ ചാരായം വാങ്ങി കഴിച്ചിരുന്നു.

സംഭവത്തിനിടെ ചീത്ത വിളിച്ച വിരോധത്തില്‍ ഓണന്‍ ബാലനെ തള്ളിയിടുകയായിരുന്നു. പരിക്ക് പറ്റിയ ബാലനെ മരക്കമ്പ് ഒടിച്ചെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. മദ്യാസക്തിയില്‍ മര്‍ദനമേറ്റ് ബോധരഹിതനായ ബാലനെ അവിടെയുപേക്ഷിച്ച് ഓണന്‍ രക്ഷപ്പെടുകയായിരുന്നു. നാടന്‍ ചാരായം വിറ്റതിന് കല്ലോടി മക്കോളി കവലയില്‍ താമസിക്കുന്ന തോമസിന്റെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ലിറ്റര്‍ നാടന്‍ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
തോമസ് ഒളിവിലാണ്. മാനന്തവാടി ഡി വൈ എസ് പി കെ ജെ ദേവസ്യ, സി ഐ പി കെ മണി, എസ് ഐമാരായ ഭാസ്‌ക്കരന്‍, ജെയിംസ്, എസ് സി പി ഒ മനോജന്‍, സി പി ഒമാരായ ആഷാദ് ബാബു, സുഷാദ് പി ജി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കൂലിക്ക് പകരം നാടന്‍ചാരായം നല്‍കുന്നതാണ് മിക്ക കോളനികളിലും പ്രശ്‌നങ്ങള്‍ കാരണമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മാനന്തവാടി ഡി വൈ എസ് പി അറിയിച്ചു.












Click it and Unblock the Notifications