കടുവയ്ക്ക് പിന്നാലെ കരടിയും, വയനാട്ടില്‍ വന്യമൃഗ ഭീതി വിട്ടൊഴിയുന്നില്ല
കല്‍പ്പറ്റ: വയനാട്ടില്‍ കടുവാ ഭീഷണിക്ക് പിന്നാലെ കരടിയും ജനവാസ മേഖലയില്‍ ഇറങ്ങി. പുല്‍പ്പള്ളി മേഖലയില്‍ കടുവയെ കൊണ്ട് ജനങ്ങളാകെ പേടിച്ച് വിറച്ച് ഇരിക്കുമ്പോഴാണ് കടുവ എത്തിയിരിക്കുന്നത്. പുല്‍പ്പള്ളി പഞ്ചായത്തിലെ 56, ചീയമ്പം പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ച്ചയായി കരടി എത്തുന്നത്. ഏത് നിമിഷമാണ് ഇവ ആക്രമിക്കുന്നതെന്ന് പറയാനാവില്ല.
വിളവെടുപ്പ് സമയത്ത് കര്‍ഷകര്‍ക്ക് തോട്ടത്തില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ കാപ്പി പറിക്കാനെത്തിയ അച്ഛനും, മകനും നേരെ കരടി ചാടിവീണു. ഇതോടെ നാട്ടുകാര്‍ പകല്‍ നേരങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരു വീടിന്റെ പിന്‍ഭാഗത്തായി കരടിയെ കണ്ടവരുണ്ട്. നാട്ടുകാര്‍ ബഹളം വെച്ചാണ് ഈ കരടിയെ ഓടിച്ച് വിട്ടത്. ഇതിന് സമീപത്തുള്ള സ്ഥലങ്ങളിലെല്ലാം കരടി വീണ്ടുമെത്തി. ശനിയാഴ്ച്ച രാത്രിയും കരടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശം വിട്ട് കരടി എവിടെയും പോയിട്ടുമില്ല.
ചിതല്‍പുറ്റ്. തെങ്ങിന്‍ ചുവട് എന്നിവയെല്ലാം കരടി മാന്തിപ്പൊളിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളികളൊന്നും തോട്ടത്തില്‍ ജോലിക്കിറങ്ങാന്‍ തയ്യാറായിട്ടില്ല. കരടിയെ പേടിച്ചാണ് വരാത്തതെന്ന് ഇവര് പറയുന്നു. അതേസമയം കരടിയെ പിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായിട്ടാണ് സൂചന. വനംവകുപ്പും പ്രദേശത്ത് സജീവമായിട്ടുണ്ട്.
ആര്‍ആര്‍ടി സംഘം ഇവിടെയെത്തി കരടിയുടെ സാന്നിധ്യം പരിശോധിക്കും. വലവിരിച്ച് കരടിയെ പിടിക്കാനാവുമോയെന്നാണ് പരിശോധിക്കുക. മയക്കുവെടി വെച്ച് കരടിയെ പിടിക്കാമെന്നും ധാരണയായിട്ടുണ്ട്. അതിര്‍ത്തിയില്‍ വൈദ്യുതി വേലിയും, കമ്പിവലയും സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ഭയം ഇല്ലാതാക്കണമെന്നാണ് കര്‍ശന നിര്‍ദേശം.
പുല്‍പ്പള്ളിയിലെ തന്നെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായി. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ കോളനിയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. ഇയാളെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം വനമധ്യത്തിലാണ് കുറുക്കന്മൂല കോളനിക്കാര്‍ താമസിക്കുന്നത്. ഇവിടെ നിന്ന് ഇവെ മാറ്റി പാര്‍പ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് രണ്ട് പേരെ കാട്ടാന ആക്രമിച്ചിരുന്നു. നിരന്തരം വന്യമൃഗ ശല്യം ഇവിടെ ഉണ്ടാകുന്നുണ്ട്. 25ഓളം കുടുംബങ്ങളും ഇവിടെയുണ്ടാകുന്നുണ്ട്. ഇവര്‍ക്ക് പുറത്തേക്കും, അകത്തേക്കും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്.
യാത്രാ മധ്യേ തന്നെ എപ്പോഴും ആനയുണ്ടാവും. ജോലി കഴിഞ്ഞ രാത്രിയായാല്‍ കോളനിയിലേക്ക് പോകുന്നത് ജീവന്‍മരണ പോരാട്ടമാണ്. അതുകൊണ്ട് ഇവരെ മാറ്റി പാര്‍പ്പിക്കണമെന്നാണ് ആവശ്യം. നേരത്തെ മാന്‍ ചാടിവീണും ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications