ബാണാസുരസാഗര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; കൈവഴികളില്‍ മത്സ്യചാകര; നിരോധിത മേഖലയില്‍ മീന്‍ പിടിച്ചതിന് പത്ത് പേര്‍ അറസ്റ്റില്‍
കല്‍പറ്റ: എഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണയായ ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ മൂന്നാമത്തെ ഷട്ടറും തുറന്നു. മൂന്നാമത്തെ ഷട്ടറും തുറന്നതോടെ സെക്കന്റില്‍ 94000 ലിറ്റര്‍ എന്ന തോതില്‍ വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി. കരമാന്‍തോട്ടിലൂടെ പുതുശ്ശേരിക്കടവ്, പാണ്ടന്‍കോട്, കീഞ്ഞകടവ് തുടങ്ങിയ പ്രദേശങ്ങള്‍ വഴി പനമരം പുഴയിലേക്കാണ് തുറന്ന ഷട്ടറിലെ ജലമെത്തുക. ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 775.6 എം എസ് എല്‍ ആയപ്പോള്‍ സംഭരണപരിധിയിലെത്തിയെത്തിയതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നുവിട്ടത്.
മൂന്ന് ഷട്ടറുകളും തുറന്നതോടെ കരമാന്‍തോടിന്റെ തീരപ്രദേശങ്ങളിലുള്ളവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ഡാം അതോറിട്ടി അധികൃതര്‍ അറിയിച്ചു. കനത്തമഴ തുടര്‍ന്ന സാഹചര്യത്തില്‍ സംഭരണശേഷി പൂര്‍ണ്ണ തോതിലെത്തിയതോടെയാണ് ഞാറാഴ്ച ഉച്ചയ്ക്കു മുന്നുമണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ആദ്യം 20 സെന്റിമീറ്റര്‍ വീതം തുറന്ന ഷട്ടര്‍ പിന്നീട് വീണ്ടും 10 മുതല്‍ 30 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തുകയായിരുന്നു.ആദ്യത്തെ ഷട്ടര്‍ 40 സെന്റിമീറ്ററും രണ്ടാമത്തേത് 50 സെന്റിമീറ്ററും മൂന്നാമത്തേത് 20 സെന്റിമീറ്ററും അടക്കം ആകെ 110 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇനി തുറന്നുവിടാനുള്ളത് അവശേഷിക്കുന്നത് ഒരു ഷട്ടര്‍ കൂടി മാത്രമാണ്.

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതോടെ പിടികൂടിയ മീനുമായി യുവാക്കള്‍
അതേ സമയം, ഷട്ടര്‍ തുറന്നതോടെ കരമാന്‍തോട്ടില്‍ മത്സ്യചാകരയാണ്. ഷട്ടര്‍ തുറക്കാന്‍ കാത്തുനിന്ന യുവജനങ്ങള്‍ കൂട്ടത്തോടെയെത്തിയതോടെ മത്സ്യബന്ധനവും തകൃതിയായി. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഷട്ടര്‍ തുറന്നത് കാണാനും, മത്സ്യബന്ധനത്തിലുമായി ബാണാസുര സാഗര്‍ അണക്കെട്ടിന്റെ സമീപത്ത് തടിച്ചുകൂടിയത്. ഡാം തുറന്നതോടെ പുറത്തേക്കെത്തിയ മത്സ്യങ്ങളെ നിരവധിപേര്‍ വെള്ളത്തിലിറങ്ങി പിടിച്ചു.
നിരോധിതമേഖലയിലിറങ്ങി വലവീശിയും വെള്ളത്തില്‍ ചാടിയുമൊക്കെയായിരുന്നു മത്സബന്ധനം. 20 കിലോയോളം വരുന്ന ചെമ്പല്ലി ഇനത്തില്‍പ്പെട്ട മത്സ്യത്തെ വരെ ഇവിടെ നിന്നും പിടികൂടി. ആവശവും കൗതുകവും പടര്‍ത്തുന്ന രീതിയിലായിരുന്നു യുവാക്കളുടെയടക്കം മത്സ്യബന്ധനം. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ പ്രദേശത്ത് ഇപ്പോള്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ജില്ലയുടെ പുറത്ത് നിന്നും ആളുകളെത്തുന്നുവെന്നതാണ് ഏറെ കൗതുകം.
എന്നാല്‍ പലരും മത്സ്യബന്ധനം നടത്തിയത് നിരോധിതമേഖലയിലായിരുന്നു. പൊലീസെത്തി ഈ മേഖലയില്‍ നിന്നും ആളുകളെ കരക്ക് കയറ്റി വിട്ടു. എന്നാല്‍ പലരും ഇത് ലംഘിച്ച് പിന്നെയും മത്സ്യബന്ധനം തുടര്‍ന്നു. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് നിരോധിത മേഖലയില്‍ മത്സ്യബന്ധനം നടത്തിയ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ നിയമപരമായ ഉത്തരവ് ലംഘിച്ചതിനും ജീവഹാനിയുണ്ടാക്കുന്ന വിധത്തില്‍ മത്സ്യബന്ധനം നടത്തിയതിനുമാണ് കേസ്. പടിഞ്ഞാറത്തറ എസ് ഐ രാംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications