നെന്മേനി ഗ്രാമപഞ്ചായത്തില്‍ കെ സി പത്മനാഭന്‍ പ്രസിഡന്റ്! മംഗലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്
സുല്‍ത്താന്‍ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റിനെ നിശ്ചയിക്കുന്ന മംഗലം വാര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറിജയം. വിജയിച്ചതോടെ കെ സി പത്മനാഭന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാവും. യു ഡി എഫിലെ കെ സി പത്മനാഭന്‍ 161 വോട്ടുകള്‍ക്ക് എല്‍ ഡി എഫിലെ എം പുഷ്പവല്ലിയെ പരാജയപ്പെടുത്തിയാണ് വാര്‍ഡ് തിരിച്ചുപിടിച്ചത്.
തിരഞ്ഞെടുപ്പില്‍ പത്മനാഭന് 651 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പുഷ്പവല്ലിക്ക് 490 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി കെആര്‍ ഷിനോജ് 144 വോട്ടുകള്‍ നേടി. ഇതോടെ മുട്ടില്‍, പടിഞ്ഞാറത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകള്‍ക്ക് പിന്നാലെ നെന്മേനി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനവും എല്‍ ഡി എഫിന് നഷ്ടമായി. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സി ആര്‍ കറപ്പന്‍ പീഡനക്കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് തത് സ്ഥാനവും, മെമ്പര്‍സ്ഥാനവും രാജിവെച്ചതിനെ തുടര്‍ന്നാണ് മംഗലം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കറപ്പന്‍ 82 വോട്ടുകള്‍ക്കായിരുന്നു ഈ വാര്‍ഡില്‍ നിന്നു വിജയിച്ചത്. ഇതിന്റെ ഇരട്ടിയോളം വോട്ടുകള്‍ യു ഡി എഫിന് നേടാനായത് എല്‍ ഡി എഫിന് കനത്തതിരിച്ചടിയായിട്ടുണ്ട്. ഇതോടെ എല്‍ ഡി എഫിന് 17ഉം, യു ഡി എഫിനും ഒമ്പത് എന്ന നിലയിലാണ് നെന്മേനി ഗ്രാമപഞ്ചായത്തിലെ കക്ഷിനില. വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം നഷ്ടമായത് ഇപ്പോള്‍ തന്നെ സി പി എമ്മിനുള്ളില്‍ പൊട്ടിത്തെറിക്കിടയാക്കിയിട്ടുണ്ട്. സ്വാധീനമുള്ള വാര്‍ഡിലെ ഒരു മെമ്പറെ രാജി വെപ്പിച്ച് പട്ടികജാതിക്കാരനായ ഒരാളെ മത്സരിച്ച് ജയിപ്പിച്ച് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സി പി എം എടുക്കുന്ന നിലപാട് ഏറെ നിര്‍ണായകമാണ്.

ഈ മാസം 23ന് സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ യു ഡി എഫ് നല്‍കിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കാനിരിക്കുകയാണ്. ബി ജെ പിയെ കൂട്ടുപിടിച്ച് അവിശ്വാസം വിജയിക്കാനായാല്‍ ജില്ലയിലെ പ്രധാനനഗരസഭകളിലൊന്നില്‍ കൂടി എല്‍ ഡി എഫിന് ഭരണം നഷ്ടമാവും. നിലവില്‍ എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് അംഗമായ ടി എല്‍ സാബുവാണ് ചെയര്‍മാന്‍. സി പി എം സിറ്റിംഗ് വാര്‍ഡുകളായ മന്ദംകൊല്ലി, കരിവള്ളിക്കുന്ന് എന്നീ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കരവള്ളിക്കുന്ന് യു ഡി എഫ് തിരിച്ചുപിടിച്ചതാണ് നഗരസഭയില്‍ ഭരണപ്രതിസന്ധിക്കിടയാക്കിയത്. മംഗലം വാര്‍ഡിലെ വിജയത്തെ തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ ചുള്ളിയോട് ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി.












Click it and Unblock the Notifications