കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവം: സ്റ്റേജിന മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും, പങ്കെടുക്കുന്നത് 435 കോളജുകളിലെ മൂവായിരത്തോളം പ്രതിഭകള്‍
സുല്‍ത്താന്‍ബത്തേരി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച സുല്‍ത്താന്‍ബത്തേരി സെന്റ്‌മേരീസ് കോളജില്‍ തിരിതെളിയും. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ 'വയനാര്‍ട്ട്' എന്ന് പേരിട്ടിരിക്കുന്ന സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. അഞ്ച് സ്റ്റേജുകളില്‍ മൂന്ന്ദിവസങ്ങളിലായാണ് മത്സരങ്ങള്‍ പൂര്‍ത്തീകരിക്കുക. സ്റ്റേജ് മത്സരങ്ങളുടെ ആദ്യ ദിനത്തില്‍ വേദി ഒന്നില്‍ രാവിലെ ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ നടക്കും.
ഉദ്ഘാടനചടങ്ങുകള്‍ വേദി ഒന്നില്‍ ഉച്ചയ്ക്ക് ശേഷം നടക്കും. തുടര്‍ന്ന് ഗാനമേള മത്സരം ഈ വേദിയില്‍ തന്നെ അരങ്ങേറും. വേദി രണ്ടില്‍ മോണോആക്ട് , മിമിക്രി, മൈം, സ്‌കിറ്റ് , കഥാപ്രസംഗം , ഇംഗ്ലീഷ് ഡ്രാമ എന്നീ മത്സരങ്ങള്‍ നടക്കും.വേദി മൂന്നിവല്‍ ദേശഭക്തിഗാനം, ഗ്രൂപ്പ്‌സോങ്ങ് (ഇന്ത്യന്‍), ഗ്രൂപ്പ്‌സോങ്ങ് (വെസ്റ്റേണ്‍) , വെസ്റ്റേണ്‍ വോക്കല്‍ സോളോ, നാടോടി സംഗീതം, ഡ്രാമ സംസ്‌കൃതം, എന്നിവയും അരങ്ങേറും. വേദി നാലില്‍ ലൈറ്റ് മ്യൂസിക് (മെന്‍,വിമന്‍) , ക്ലാസിക്കല്‍ മ്യൂസിക് (മെന്‍,വിമന്‍) , സെമി ക്ലാസിക്കല്‍ മ്യൂസിക് എന്നീ മത്സരയിനങ്ങള്‍ നടക്കും.

അഞ്ചാം വേദിയില്‍ ട്രിപ്പിള്‍ ഡ്രം, ജാസ്, ബാന്റ് മേളം , ഗിറ്റാര്‍, വയലിന്‍, സുഷിര വാദ്യങ്ങള്‍, വെസ്റ്റേണ്‍ എന്നീ മത്സരങ്ങളും അരങ്ങേറും. ആറ് സോണുകളിലെ പ്രതിഭകളുടെ ചൂടേറുന്ന മത്സരകാഴ്ചകള്‍ക്കാവും ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുക. വിവിധ ഭാഷകളിലുള്ള പ്രസംഗ മത്സരങ്ങള്‍ ,സ്പോട്ട് ഫോട്ടോഗ്രാഫി, എംബ്രോയ്ഡറി, ക്ലേ മോഡലിങ്, പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ രചന, ഓയില്‍ പെയിന്റിങ്, പൂക്കള മത്സരം ,രാംഗോലി, ജനറല്‍ ക്വിസ്സ്, ഡിബേറ്റ്, കവിതാ പാരായണം, അക്ഷര ശ്ലോകം, കാവ്യ കേളി എന്നീ മത്സരങ്ങളാണ് വ്യാഴാഴ്ച പൂര്‍ത്തിയായത്.
പരിപാടിക്ക് മുന്നോടിയായി ബത്തേരി നഗരത്തില്‍ സംസ്‌കാരിക ഘോഷയാത്ര നടത്തി. നാന്നൂറ്റിമുപ്പത്തിയഞ്ച് കോളേജുകളില്‍ നിന്നായി മൂവ്വായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാ മാമാങ്കത്തിന്റെ സംസ്‌കാരിക ഘോഷയാത്ര കോട്ടക്കുന്നില്‍ സമാപിച്ചു. മുത്തുകുടകളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നഗര ഹൃദയത്തിലൂടെ നടന്നു നീങ്ങിയത്. കേരളത്തിന്റെ തനതു കലാരൂപമായ ഓട്ടന്‍തുള്ളല്‍, ലക്ഷദ്വീപിലെ കുട്ടികള്‍ അവതരിപ്പിച്ച ഡോലിപ്പാട്ട് എന്നിവ ഘോഷയാത്ര മുഖ്യാകര്‍ഷണങ്ങളായി.












Click it and Unblock the Notifications