വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിന് 7000 കോടിയുടെ പാക്കേജുമായി മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ മുനയൊടിച്ച് പ്രഖ്യാപനം!!

Google Oneindia Malayalam News

വയനാട്: വയനാടിന്റെ പിന്നാക്കാവസ്ഥകളെ മറികടക്കാന്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ഏഴായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ വയനാട് ജില്ലയിലെ സമ്പൂര്‍ണ്ണ വികസനത്തിന് നിദാനമാകുന്ന പദ്ധതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചത്. വയനാട് ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധികളെയും പരിഹരിക്കുന്നതിന് പ്രാപ്യമായ പദ്ധതികളാണ് പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കാപ്പികൃഷിയെ പുനര്‍ജീവിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് പാക്കേജില്‍ മുന്‍ഗണന നല്‍കി. കിലോയ്ക്ക് 90 രൂപ വില നല്‍കി കര്‍ഷകരില്‍ നിന്നും കാപ്പി സംഭരിക്കും.

1

ജില്ലയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ മേഖല രൂപപ്പെടുത്തി വയനാടന്‍ കാപ്പി എന്ന പേരില്‍ ആഗോള ബ്രാന്‍ഡിങ്ങ് നടത്തി വിപണനം ചെയ്യും. കുരുമുളക് പുനരുദ്ധാരണത്തിന് പ്രത്യേക കാര്‍ഷിക വികസന പദ്ധതി നടപ്പാക്കും. പ്രതിവര്‍ഷം പത്ത് കോടി രൂപ വീതം അഞ്ച് വര്‍ഷം കൊണ്ട് 50 കോടി രൂപ ഇതിനായി വകയിരുത്തും. തേയില അടക്കമുള്ള മറ്റ് പ്ലാന്റേഷനുകളുടെ പുനരുദ്ധാരണത്തിനുളള പദ്ധതികളും പാക്കേജില്‍ ഇടം നേടി. തോട്ടം തൊഴിലാളികളുടെ പാര്‍പ്പിട സമുച്ചയം 2021 ല്‍ പൂര്‍ത്തിയാക്കും.

ജില്ലയെ പുഷ്പകൃഷിയുടെ പ്രത്യേക സോണായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പുഷ്പകൃഷി വ്യാപിപ്പിക്കും. സുഗന്ധ നെല്‍കൃഷി സംരക്ഷണത്തിനും മറ്റുമായി കാര്‍ഷികമേഖയ്ക്ക് പ്രതിവര്‍ഷം 75 കോടി രൂപ വീതം ജില്ലയില്‍ ചെലവഴിക്കും.കാരാപ്പുഴ ജലസേചന പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കും. ജലസേചനത്തിനും മണ്ണ്, ജല സംരക്ഷണനത്തിനുമായി പ്രതിവര്‍ഷം 50 കോടി രൂപ വീതം ചെലവഴിക്കും. കാര്‍ഷിക സര്‍വകലാശാല, പൂക്കോട് വെറ്ററിനറി സര്‍വ കലാശാല എന്നിവ വിപുലീകരിക്കും, മൃഗ സംരക്ഷണ മേഖലയില്‍ വര്‍ഷം തോറും 20 കോടി രൂപ വീതം ചെലവഴിക്കും.

ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം വികസനത്തിന് 50 കോടി രൂപ അനുവദിക്കും. ജില്ലയിലെ കൂടുതല്‍ ടൂറിസം കേന്ദ്രങ്ങള്‍ വിപുലീകരിക്കുന്നതിനും പദ്ധതിയുണ്ട്. തലശ്ശേരി ഹെറിറ്റേജ് ടൂറിസം സര്‍ക്യൂട്ടില്‍ വയനാടിനെയും ഉള്‍പ്പെടുത്തും. വയനാട്ടിലെ ടൂറിസം മേഖലയില്‍ പ്രതിവര്‍ഷം 20 കോടി രൂപ അനുവദിക്കും. അടിസ്ഥാന സൗകര്യവികസനത്തില്‍ പ്രതിവര്‍ഷം 100 കോടി രൂപ വീതം ജില്ലയില്‍ ചെലവഴിക്കും.

600 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ വാട്ടര്‍ അതോറിറ്റി മുഖേന ജില്ലയില്‍ നടപ്പാക്കും. വൈദ്യുത പ്രസരണ ശൃംഖല ശക്തിപ്പെടുത്തും. 400 കെ.വി ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതിനുളള് ഗ്രീന്‍ കോറിഡോര്‍ പദ്ധതിയും പാക്കേജില്‍ പ്രഖ്യാപിച്ചു. ലൈഫ് മിഷനില്‍ 2021 ല്‍ കാലയളവില്‍ ജില്ലയില്‍ 5000 വീടുകള്‍ അനുവദിക്കും. ആദിവാസി ഊരുകളില്‍ പ്രത്യേക ഏരിയ പ്ലാനുകള്‍ നടപ്പാക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ ഫണ്ടില്‍ നിന്നും പ്രതിവര്‍ഷം 150 കോടി രൂപ ജില്ലയ്ക്കായി അനുവദിക്കും.

വയനാട് ജില്ലയില്‍ ഏറ്റവും വലിയ നിക്ഷേപം നടത്തുന്നത് കിഫ്ബിയില്‍ നിന്നാണ് - 2000 കോടി രൂപ. വൈദ്യുതിബോര്‍ഡ്- 1000 കോടി രൂപ, മെഡിക്കല്‍ കോളേജ്- 700 കോടി രൂപ, കുടിവെള്ളം- 600 കോടി രൂപ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട വലിയ ചെലവിനങ്ങള്‍. ഇതിനു പുറമേ പ്രതിവര്‍ഷം കൃഷിയും അനുബന്ധ മേഖലകള്‍ക്കും 150 കോടി രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനത്തിന് 150 കോടി രൂപയും റോഡുകള്‍ക്ക് 100 കോടി രൂപയും വിദ്യാഭ്യാസം, ടൂറിസം, വനം തുടങ്ങി മറ്റു വികസന മേഖലകള്‍ക്ക് 100 കോടി രൂപ വീതവും ചെലവഴിക്കുന്നതാണ്.

Wayanad
English summary
cm pinarayi vijayan announces 7000 cr package to wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X