'വയനാട്ടിൽ കിറ്റ് നൽകി വോട്ട് നേടേണ്ട അവസ്ഥ കോൺഗ്രസിനില്ല'; കിറ്റ് പിടിച്ചെടുത്ത സംഭവത്തിൽ ടി സിദ്ധിഖ്
വയനാട്: മുൻ എം പി രാഹുൽ ഗാന്ധിയുടേയും നിലവിലെ യു ഡി എഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധിയുടേയും ചിത്രങ്ങൾ പതിപ്പിച്ച ഭക്ഷണക്കിറ്റ് വയനാട്ടിൽ നിന്നും പിടിച്ചെടുത്തു. തോൽപെട്ടിയിൽ നിന്നാണ് കിറ്റുകൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധയ്ക്കിടൊണ് ഭക്ഷ്യക്കിറ്റുകൾ കണ്ടെത്തിയത്. ഇതോടെ സംഭവം ആയുധമാക്കി എൽ ഡി എഫ് രംഗത്തെത്തി.
ഭക്ഷ്യക്കിറ്റ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് യുഡിഎഫ് മണ്ഡലത്തിൽ നടത്തുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. അതേസമയം കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺഗ്രസിന് വയനാട്ടിൽ ഇല്ലെന്നായിരുന്നു ടി സിദ്ധിഖ് എംഎൽഎയുടെ പ്രതികരണം. പ്രളയബാധിതർക്ക് നൽകാൻ എത്തിച്ച കിറ്റുകളാണ് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഉണ്ടായിരുന്നതെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽകുന്നതിനാൽ അവ വിതരണം ചെയ്യാതെ വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീട്ടിലും ഇത്തരത്തിൽ വിതരണം ചെയ്യാതെ കിറ്റുകൾ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വയനാട്ടിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത സംഭവത്തിലും കഴിഞ്ഞ ദിവസം ടി സിദ്ദിഖ് പ്രതികരിച്ചു. 'മേപ്പാടി പഞ്ചായത്തിലേക്ക് കൊടുത്ത് വിട്ട ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്ത് അധികൃതർക്കല്ല. ഭക്ഷ്യ സുരക്ഷ വകുപ്പിനാണ്. മേപ്പാടി പഞ്ചായത്തിലേക്ക് നൽകിയ വസ്ത്രങ്ങളും അവശ്യവസ്തുക്കളും ഗുണനിലവാരം ഉള്ളവയായിരുന്നില്ല. പഞ്ചായത്തിലേക്ക് ഇവ വിതരണം ചെയ്യുന്നതിന് മുൻപ് ഇവയുടെ ഗുണനിലവാരം പരിശോധിച്ചുവെന്നതിന്റെ രേഖ കാണിക്കാൻ ഞാൻ റവന്യൂ മന്ത്രിയോട് ആവശ്യപ്പെടുകയാണ്', ടി സിദ്ധിഖ് പറഞ്ഞു.
അതേസമയം പഞ്ചായത്തിനെതിരെ മന്ത്രി എ രാജൻ രംഗത്തെത്തി. 'മേപ്പാടി ദുരിതബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളില്‍ പൂത്തതും ഉപയോഗശൂന്യമായിട്ടുള്ള സാധനവുമുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ദുരന്തബാധിതര്‍ക്ക് ഭക്ഷ്യ കിറ്റില്‍ ലഭിച്ചത്. ഇത് റവന്യു വകുപ്പും ജില്ലാ ഭരണകൂടവും വിതരണം ചെയ്ത അരിയല്ല. ഇത് എവിടുന്ന് എന്ന് അന്വേഷിച്ചാൽ ബോധ്യമാകും. റവന്യൂ വകുപ്പ് നൽകിയ ഒരു കിറ്റിൽപ്പോലും യാതൊരു കേടുപാടുമില്ല. ഇത് പകൽ പോലെ വ്യക്തവുമാണ്', കെ രാജൻ പറഞ്ഞു.












Click it and Unblock the Notifications