ആന്തൂറിലെ പ്രവാസിയുടെ ആത്മഹത്യ; ക്രമസമാധാനം തകര്‍ന്നതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രിയും ഡി ജി പിയും തത്സ്ഥാനം ഒഴിയണമെന്ന് ആവശ്യം, കോൺഗ്രസ് ധർണ്ണ നടത്തി!
കല്‍പ്പറ്റ: പ്രവാസി സംരഭകന്‍ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കുമെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് മ്മിറ്റി വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി. ധര്‍ണ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും, ഡി ജി പി ലോക്‌നാഥ് ബഹ്‌റയും തത്സ്ഥാനം ഒഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അക്രമിസംഘമായി മാറിയിരിക്കുകയാണ്. മാവേലിക്കരയില്‍ പൊലീസുകാരന്‍ സഹപ്രവര്‍ത്തകയെ തീയിട്ടുകൊന്നു, സി പി ഒ രതീഷ് പീഡനം സഹിക്കാനാവാതെ രാജിവെച്ചു, മറ്റൊരുദ്യോഗസ്ഥര്‍ പീഡനം സഹിക്കാനാവാതെ നാട്ടുവിട്ടുപോയി.

ഇത്തരത്തില്‍ പൊലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത ഭരണം ഇതിന് മുമ്പുണ്ടായിട്ടില്ലെന്നും അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. പ്രവാസിയും പാര്‍ട്ടി അനുഭാവിയുമായ സാജന്‍ പാറയിലിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് സി പി എമ്മിനുള്ളിലെ ഗ്രൂപ്പ് വഴക്ക് മൂലമാണ്. സാജന്‍ ഗോവിന്ദന്‍മാസ്റ്ററുടെ ഗ്രൂപ്പായിരുന്നില്ല, മറിച്ച് പി ജയരാജന്റെ ഗ്രൂപ്പായിരുന്നു. അതാണ് കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് നമ്പര്‍ നല്‍കാന്‍ ഗോവിന്ദന്‍മാസ്റ്ററുടെ ഭാര്യ ചെയര്‍പേഴ്‌സണായ അന്തൂര്‍ നഗരസഭാ അധികൃതര്‍ തയ്യാറാകാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സംഭവത്തോടെ പ്രവാസികളോട് ഒന്നടങ്കം മുഖ്യമന്ത്രി മാപ്പ് പറയേണ്ട സാഹചര്യമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്തെ സംഭവത്തിലും സി പി എമ്മിന്റെ പങ്ക് വ്യക്തമാണ്. രാജ്കുമാറിന് തട്ടിപ്പ് നടത്താന്‍ ഒത്താശ ചെയ്തത് സി പി എം ജില്ലാകമ്മിറ്റിയംഗമായ ഗോപകൃഷ്ണനാണ്. തട്ടിപ്പ് നടത്തുന്നതിനായി രാജ്കുമാര്‍ നല്‍കിയ ചെക്ക് ഇദ്ദേഹം പ്രസിഡന്റായ ബാങ്കിന്റെ പേരിലുള്ളതാണ്. ജൂണ്‍ 12ന് രാജ്കുമാറിനെയും രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്‌തെങ്കിലും 16ന് രാത്രി 12 മണി വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെക്കുകയാണുണ്ടായത്.
ഇത്രയും നേരം ക്രൂരമായി പീഡിപ്പിച്ചുകൊണ്ട് രണ്ട് കോടി രൂപ എവിടെയാണെന്ന് അന്വേഷിക്കുകയായിരുന്നു. ഇത്രയും തുക എവിടെയാണെന്നറിയേണ്ടത് സി പി എമ്മിനും ഗോപകൃഷ്ണനുമായിരുന്നു. ഒടുവില്‍ രാജ്കുമാറിനെ നിരന്തരമായി പീഡിപ്പിച്ച് കൊല്ലുകയും ചെയ്തു. ഇത്തരത്തില്‍ എല്ലാത്തരത്തിലും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ഗുരുതര വീഴ്ചകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍. എ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications