വയനാട് കൂടുതല്‍ ആശങ്കയിലേക്ക്; എസ്പിയും ക്വാറന്റൈനില്‍; നിരീക്ഷണത്തിലുള്ളത് 50 പൊലീസുകാര്‍
മാനന്തവാടി: വയനാട് ജില്ലയില്‍ പൊലീസുകാര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ആശങ്കയില്‍. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ വയനാട് എസ്പിയേയും ക്വാറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊറോണ സ്ഥിരീകരിച്ച പൊലീസുകാരുടെ സമ്പര്‍ക്ക പട്ടികയില്‍ എസ്പി കൂടി ഉള്‍പ്പെട്ടതോടെയാണ് നടപടി.എന്നാല്‍ ഇതുവരേയും ഔദ്യോഗിക സമ്പര്‍ക്ക പട്ടിക പുറത്തിറിക്കിയിട്ടില്ല. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് എസ്പി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.

പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പിപിഇ കിറ്റ് ധരിച്ച രണ്ട് പൊലിസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടാവുക. സ്റ്റേഷന്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയില്‍ വഴിയും പരാതി നല്‍കാം. അഡിഷണല്‍ എസ്പിക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.
വയനാട്ടില്‍ ഇതുവരേയും പത്ത് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും 8 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പൊലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് രോഗ ബാധിതരുടെ എണ്ണം കൂടിയത്.
11 മാസം പ്രായമുള്ള കുഞ്ഞിനും ഇവിടെ കൊറോണ സ്ഥി രീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് വയോജനങ്ങളില്‍ നിന്നും കൊറോണ വൈറസിനെ തടയുന്നതിനാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത്.
60 വയസിന് മുകളിലുള്ള പൗരന്മാര്‍, അനിയന്ത്രിതമായി പ്രമേഹരോഗമുള്ളവര്‍, അനിയന്ത്രിതമായി രക്തസമ്മര്‍ദമുള്ളവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞ എല്ലാ പ്രായത്തിലുമുള്ളവര്‍, രോഗ പ്രതിരോധ ശേഷി കുറക്കുന്ന മരുന്ന കഴിക്കുന്ന എല്ലാ പ്രായത്തിലുമുള്ളവര്‍, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവര്‍, ഗര്‍ഭിണികള്‍, പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള എല്ലാ പ്രായത്തിലുമുള്ളവര്‍ തുടങ്ങിയവരെയാണ് റിവേഴ്‌സ് ക്വാറന്റൈനില്‍ പാര്‍പ്പിക്കുക.
Recommended Video
കേരളത്തില്‍ ഇന്നലെ പത്ത് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.












Click it and Unblock the Notifications