വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധീരജവാന് ആദരവ് നല്‍കാനൊരുങ്ങി വയനാട്; വസന്തകുമാറിന്റെ വീട്ടിലേക്ക് ജനപ്രവാഹം; സംസ്‌ക്കാരം തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ തറവാട്ടുശ്മശാനത്തില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ ഓര്‍മ്മയില്‍ വേദനിച്ച് വയനാട്. വസന്തകുമാറിന്റെ ലക്കിടിയിലെ പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള വീട്ടിലേക്ക് രാവിലെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് കുടുംബത്തെ സമാശ്വസിപ്പിക്കുന്നതിയായി എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് പ്രൊമോഷന്റെ ഭാഗമായി ലഭിച്ച ലീവിന് പഞ്ചാബില്‍ നിന്നും വസന്തകുമാര്‍ നാട്ടിലെത്തുന്നത്.

എട്ടാം തിയ്യതി പുതിയ ജോലി സ്ഥലമായ കശ്മിരിലേക്ക് അദ്ദേഹം മടങ്ങിപ്പോകുകയായിരുന്നു. ലീവ് കഴിഞ്ഞ് മടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത നാടറിയുന്നത്. ഹവില്‍ദാറായി പ്രൊമോഷന്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു കാശ്മീരിലേക്ക് പോസ്റ്റിംഗ് ലഭിച്ചത്. സി ആര്‍ പി എഫ് 82ാം ബറ്റാലിയനിലെ സൈനികനായ വസന്തകുമാര്‍ കോബ്രാ ഗ്രൂപ്പിലെ അംഗം കൂടിയായിരുന്നു. പഞ്ചാബ് ഗവര്‍ണറുടെ സെക്യൂരിറ്റി വിംഗില്‍ ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു വസന്തകുമാറിന് പ്രൊമോഷന്‍ ലഭിക്കുന്നത്.

vasanthkumarmartr-1550

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് പിതാവ് വാസുദേവന്‍ മരിക്കുന്നത്. അന്ന് 20 ദിവസത്തെ ലീവിന് വസന്തകുമാര്‍ നാട്ടിലെത്തിയിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ വരുന്നതിന് മുമ്പ് 10 ദിവസത്തെ ലീവിനും നാട്ടില്‍ വന്നിരുന്നു. നാട്ടിലെത്തിയാല്‍ തറവാട്ടുവീടായ തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി കോളനിയിലെത്തി എല്ലാവരോടുമൊപ്പം കഴിയാറുണ്ടായിരുന്നുവെന്ന് ബന്ധു കൂടിയായ സജീവന്‍ പറഞ്ഞു. വര്‍ഷങ്ങളായി വസന്തകുമാറിന്റെ കുടുംബം കുന്നത്തിടവക വില്ലേജില്‍ ഉള്‍പ്പെടുന്ന ലക്കിടി പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് സമീപമാണ് താമസിച്ചുവന്നിരുന്നത്.

പിതാവ് വാസുദേവനും മാതാവ് വസന്തയും പൂക്കോട് ഡെയറി ഫാമില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് വെറ്ററിനറി യൂണിവേഴ്‌സിറ്റിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ലഭിച്ച അഞ്ചേക്കര്‍ സ്ഥലം ലഭിക്കുന്നത്. പിന്നീട് വസന്തകുമാര്‍ 2001ല്‍ സൈനികനായി ജോലിയില്‍ പ്രവേശിച്ച് പത്ത് വര്‍ഷം പിന്നിട്ട ശേഷമാണ് ഇവിടെ പുതിയൊരു വീട് വെച്ചത്. ലക്കിടി എല്‍ പി സ്‌കൂളിലും, പിന്നീട് വൈത്തിരി ഗവ. സ്‌കൂളിലുമായിരുന്നു വസന്തകുമാറിന്റെ പഠനം. പഠനകാലത്ത് തന്നെ കായികമേഖലയില്‍ കഴിവ് തെളിയിച്ച വസന്തകുമാര്‍ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു.

പ്രാദേശികക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹം പലപ്പോഴും ടീമിന്റെ വിജയശില്‍പ്പിയായി മാറിയിട്ടുണ്ടെന്നും യുവ പൂക്കോട് ക്ലബ്ബിന്റെ അംഗങ്ങളായ സുഹൃത്തുക്കള്‍ പറയുന്നു. മേപ്പാടി സ്വദേശിനിയായ ഭാര്യ ഷീന ഇപ്പോള്‍ പൂക്കോട് വെറ്ററിനറി കോളജില്‍ താല്‍ക്കാലിക തസ്തികയില്‍ ക്ലാര്‍ക്ക് ജോലി ചെയ്തുവരികയാണ്. മൂന്നാംക്ലാസുകാരിയായ അനാമികയും, യു കെ ജി വിദ്യാര്‍ത്ഥിയായ അമര്‍ദീപുമാണ് വസന്തകുമാറിന്റെ മക്കള്‍. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെടുന്ന മുള്ളകുറുമ സമുദായാംഗമാണ് വസന്തകുമാര്‍. കുറുമവിഭാഗത്തില്‍പ്പെട്ടതിനാല്‍ സമുദായാചരപ്രകാരമായിരിക്കും ശവസംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കുകയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വസന്തകുമാര്‍ പഠിച്ച ലക്കിടി എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും മൃതദേഹം തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകുക. അവിടുത്തെ കുടുംബശ്മശാനത്തിലായിരിക്കും മൃതദേഹം സംസ്‌ക്കരിക്കുകയെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, മൃതദേഹം എപ്പോള്‍ നാട്ടിലെത്തുമെന്ന കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. ശ്രീനഗറില്‍ നിന്നും ഡെല്‍ഹിയിലേക്കും അവിടെ നിന്നും കോഴിക്കോട്ടേക്കും വിമാനമാര്‍ഗം മൃതദേഹം എത്തിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നാളെ പുലര്‍ച്ചെ അഞ്ച് മണിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു അദ്യം ലഭിച്ച വിവരം.

Wayanad
English summary
country pays tribute to jawan martyrd in kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X