വയനാട്ടില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി
വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്കി ജില്ലയിലും വാക്സിനേഷന് തുടക്കം കുറിച്ചു. 9 കേന്ദ്രങ്ങളിലാണ് കുത്തിവയ്പ് തുടങ്ങിയത്. ജില്ലാതല ഉദ്ഘാടനം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ വച്ച് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന് നിര്‍വഹിച്ചു. ആശാ പ്രവര്‍ത്തകര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകരും പോലീസ്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളും ചെയ്ത പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് എംഎല്‍എ പറഞ്ഞു. വാക്സിന് ലഭിച്ചെങ്കിലും ജാഗ്രത കൈവിടരുത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിച്ചു. വാക്സിന് നമ്മിലേക്ക് എത്തുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും മറ്റു പ്രവര്‍ത്തകരെയും നാം ഓര്‍ക്കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ വാക്സിനേഷന് നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും പരിപാടി വിശദീകരിച്ച് ജില്ലാ ആര് സി എച് ഓഫീസര്‍ ഡോ. ഷിജിന് ജോണ്‍ ആളൂര്‍ പറഞ്ഞു.
അതേസമയം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒആര്‍ കേളു എംഎല്.എ വാക്സിനേഷന് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് എ.പി. ദിനേശ് കുമാര്‍ അധ്യക്ഷനായി.ആദ്യഘട്ടത്തില്‍ ജില്ലാ ആശുപത്രിയിലെ 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്കി .
വാക്സിന് എടുത്താലും കോവിഡ് മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കണമെന്നും മാസ്ക് ധരിക്കല്‍, ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി ശ്രദ്ധിക്കണമെന്നും കോവിഡ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.കെ.ചന്ദ്രശേഖര്‍ പറഞ്ഞു.
തിരുനെല്ലി പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തില്‍ നടന്നു. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ടി. വത്സലകുമാരി നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പിഎന്‍ ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് നല്കി. ചടങ്ങില്‍ അപ്പപ്പാറ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിസാജ്, ബേഗൂര്‍ മെഡിക്കല്‍ ഓഫീസര്‍ ജെറിന് എസ് ജെറാള്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു.