രാഹുലിനായി വയനാട്ടില്‍ ബൈക്ക്‌റാലി; ബി ജെ പിയുടെ വര്‍ഗീയതക്കും, സി പി എമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിനുമെതിരായ വിധിയെഴുത്തെന്ന് വി എം സുധീരന്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാ നാര്‍ത്ഥി ജനവിധി തേടുന്ന രാഹുല്‍ ഗാന്ധിക്കായി വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ കൂട്ടായ്മയായ യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ കൂറ്റന്‍ ബൈക്ക് റാലി നടത്തി. സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും ആരംഭിച്ച് ദേശീയപാതയിലൂടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്താണ് റാലി സമാപിച്ചത്. നൂറിലധികം ബൈക്കുകളാണ് റാലിയില്‍ അണിനിരന്നത്. സമാപനമാവുമ്പോഴേക്കും അഞ്ഞൂറിലധികം പേര്‍ റാലിയില്‍ അണിനിരന്നു.
25 കിലോമീറ്ററോളം ദൂരത്ത് നടന്ന ബൈക്ക് റാലിക്ക് വന്‍ സ്വീകരണമാണ് പലയിടത്തും ലഭിച്ചത്. സുല്‍ത്താന്‍ബത്തേരിയില്‍ വെച്ച് എം എസ് എഫ് ദേശീയപ്രസിഡന്റ് ടി പി അഷ്‌റഫലിയാണ് ബൈക്ക്‌റാലി ഫ്‌ളാഗ് ഓഫ് ചെയ്തത്. കല്‍പ്പറ്റ ടൗണിലേക്ക് റാലി എത്തിച്ചേര്‍ന്നപ്പോള്‍ യു ഡി എഫ് കണ്‍വീനര്‍ എ എന്‍ഡി അപ്പച്ചന്റെ നേതൃത്വത്തില്‍ യുഡിഎഫ്. ജില്ലാ ഭാരവാഹികള്‍ ജാഥാ ക്യാപ്റ്റനും മറ്റ് യുഡിഎസ്എഫ്. ഭാരവാഹികള്‍ക്കും ഹാരാര്‍പ്പണം നടത്തി. സമാപന സമ്മേളനം എന്‍എസ്യു ദേശീയ പ്രസിഡണ്ട് നീരജ് കുന്ദന്‍ ഉദ്ഘാടനം ചെയ്തു.

കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭി ജിത്ത്, എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജെഷീര്‍ പള്ളിവയല്‍ തുടങ്ങിയ നിരവധി യുവജനനേതാക്കള്‍ ബൈക്ക്‌റാലിയില്‍ അണിനിരന്നു. നിയോജകമണ്ഡലം തലത്തില്‍ വാഹനപ്രചരണജാഥകളും ജില്ലയില്‍ പുരോഗമിക്കുകയാണ്. മുന്‍മന്ത്രി കെ സി ജോസഫ് എം എല്‍ എ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടത്തിയ റാലി വി എം സുധീരന്‍ ഉദ്ഘാടനം ചെയ്തു.
ബിജെപിയുടെ വര്‍ഗീയ കൊലപാതകത്തിനും, സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിനുമെതിരായ വിധിയെഴുത്താവും ഈ തിരഞ്ഞെടുപ്പെന്ന് സുധീരന്‍ ജാഥയുടെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഗോമാംസത്തിന്റെ പേരില്‍ സംഘപരിവാര്‍ നൂറ് കണക്കിന് പേരെ ഉത്തരേന്ത്യയില്‍ കൊന്നൊടുക്കുകയാണെങ്കില്‍ സിപിഎം കേരളത്തില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിരപരാധികളെ കൊന്നൊടുക്കുകയാണ്. കോണ്‍ഗ്രസ് ഒരുകാലത്തും ബി ജെ പിയുമായിബന്ധം സ്ഥാപിച്ചിട്ടില്ല. സിപിഎമ്മിനാണ് ബി ജെ പിയുമായി ബന്ധമുണ്ടായിരുന്നത്. 1977-ല്‍ കൂത്തുപറമ്പില്‍ പിണറായി വിജയനും, ഉദുമയില്‍ കെ ജി മാരാറും മുന്നണിയായി മത്സരിച്ചത് ആര്‍ക്കും വിസ്മരിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു. ഞായറാഴ്ച ജില്ലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവിധയിടങ്ങളില്‍ പര്യടനം നടത്തും.












Click it and Unblock the Notifications