കുടിക്കാന്‍ വെള്ളമില്ലാതെ കരിങ്കണ്ണി കോളനി; ലക്ഷങ്ങള്‍ മുടക്കിയിട്ടും രക്ഷയില്ല
കല്‍പ്പറ്റ: ഒരിറ്റ് കുടിവെള്ളം കിട്ടാനായി പ്രാര്‍ത്ഥിക്കുകയാണ് കരിങ്കണ്ണി കോളനിയിലെ നിവാസികള്‍. എന്നാല്‍ അടുത്തൊന്നും നടക്കില്ലെന്നാണ് ഇവിടെയുള്ളവര്‍ പരസ്പരം വിശ്വസിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി കുടിവെള്ള പദ്ധതി ഇവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയായിരുന്നു ഇത് സ്ഥാപിച്ചപ്പോള്‍.
എന്നാല്‍ ഇപ്പോഴും കുടിവെള്ളത്തിനായി അലയുകയാണ് കരിങ്കണ്ണി കോളനിയിലെ നിവാസികള്‍. ഇതിനൊരു കാരണവുമുണ്ട്. മോട്ടോര്‍, പമ്പ് ഹൗസ്, ജല സംഭരണികള്‍ അടക്കം പദ്ധതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളുടെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

പക്ഷേ പദ്ധതിക്ക് വേണ്ട മികച്ച കുടിവെള്ള സ്രോതസ്സ് ഒരുക്കാത്തതാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാതെ പോവാന്‍ കാരണം. ഇത് ഇനിയും ശരിയാവുമോ എന്ന് ചോദിച്ചാല്‍ ഒരാള്‍ക്കും ഉത്തരമില്ല. ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം എന്ന പദ്ധതി പ്രകാരമാണ് ഈ സ്ഥലം അനുവദിച്ചത്.
ഇവിടെയാണ് കോളനി സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥലമേറ്റെടുക്കുമ്പോള്‍ ചെറിയൊരു കിണര്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്ന് കുടിവെള്ളം കണ്ടെത്താമെന്നായിരുന്നു കരുതിയത്. അതുകൊണ്ട് തന്നെ കിണര്‍ ഒഴികെയുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
ആറര ലക്ഷം രൂപയോളമാണ് ഇതിനായി അനുവദിച്ചത്. ബാക്കി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പിന്നെയും പ്രശ്‌നങ്ങള്‍ ബാക്കിയായിരുന്നു. പതിനെട്ട് കുടുംബങ്ങള്‍ക്ക് ആവശ്യമായ വെള്ളം ഇവിടെയുള്ള കിണറ്റില്‍ നിന്ന് ലഭ്യമാകാത്ത അവസ്ഥ വന്നതോടെ പദ്ധതി മുടങ്ങുകയായിരുന്നു. പദ്ധതിക്ക് വേണ്ടി പമ്പ് ഹൗസിന് സമീപത്തെ ചെറിയ കുളം വൃത്തിയാക്കിയെങ്കിലും അതിലും മതിയായ വെള്ളം ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്.
ഇത്തരമൊരു സാഹചര്യത്തില്‍ കുടിവെള്ള പദ്ധതി നടക്കാത്ത നിലയിലാണ്. ഇതിനായി ചെലവഴിച്ച ലക്ഷങ്ങള്‍ പാഴായ അവസ്ഥയിലാണ്. കോളനി നിവാസികള്‍ കുടിവെള്ളത്തിനായി ഒരുപാട് ദൂരം അലയേണ്ട അവസ്ഥയിലാണ്. കുടിവെള്ള പദ്ധതിക്ക് അനുവദിച്ച തുടകയില്‍ പണം ബാക്കിയുണ്ട്. ഇത് ഉപയോഗിച്ച് സ്രോതസ്സ് ഒരുക്കാന്‍ അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications