കാട്ടാനക്കലിയില്‍ വിറച്ച് വയനാട്, ചൂരല്‍മലയില്‍ വീട്ടില്‍ക്കയറി സാധനങ്ങള്‍ നശിപ്പിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനക്കലി അവസാനിക്കുന്നില്ല. ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് കാട്ടാനകളെ കൊണ്ട് ഉണ്ടായിരിക്കുന്നത്. കാടിറങ്ങിയ കാട്ടാനക്കൂട്ടം കുറച്ച് മാസങ്ങളായി ഈ മേഖലയില്‍ നാട്ടുകാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. ചൂരല്‍മലയിലെ എസ്റ്റേറ്റിലുള്ള അതിഥിത്തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സ് കാട്ടാന തകര്‍ത്തു. ഭാഗ്യം കൊണ്ടാണ് ഇവിടെയുള്ളവര്‍ രക്ഷപ്പെട്ടത്.
കാട്ടാനയുടെ ആക്രമണം നടക്കുമ്പോള്‍ തൊഴിലാളികള്‍ നൈറ്റ് ഡ്യൂട്ടിക്കായി പോയിരിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടോടെയായിരുന്നു ആക്രമണം. ചൂരല്‍മല സ്‌കൂള്‍ റോഡ് വഴി കാട്ടാനകള്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്തെത്തുകയായിരുന്നു. ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഇവിടെയുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ അടക്കം നശിപ്പിക്കുകയായിരുന്നു. ഉപകരണങ്ങളെല്ലാം തകര്‍ക്കുകയും ചെയ്തു.

അതേസമയം ഇതെല്ലാം തകര്‍ത്തിട്ടും കാട്ടാനയുടെ കലി അടങ്ങിയിരുന്നില്ല. മണിക്കൂറുകളോളമാണ് ഇവ ക്വാര്‍ട്ടേഴ്‌സിന്റെ ഉള്ളില്‍ നിന്നത്. കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനപാലകരും നാട്ടുകാരുമെല്ലാം ത്തെിയിരുന്നു. എന്നാല്‍ അതൊന്നും വിജയം കണ്ടില്ല. പന്ത്രണ്ടോളം അതിഥി തൊഴിലാളികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അതേസമയം രണ്ട് പേര്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം നൈറ്റ് ഡ്യൂട്ടിക്ക് പോയിരുന്നു. രണ്ട് പേരെ കാട്ടാന വരുന്നത് കണ്ട്, സമീപത്ത് തന്നെയുള്ള മറ്റൊരിടത്തേക്ക് മാറ്റിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
കാട്ടാനക്കൂട്ടം മുണ്ടക്കൈ എട്ടാം നമ്പറിലുള്ള ജനവാസ കേന്ദ്രത്തിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെയുള്ള വയലിലാണ് ആനകള്‍ ഉള്ളത്. ഇവയെ പടക്കം പൊട്ടിച്ച് വിരട്ടി ഓടിക്കാനുള്ള ശ്രമങ്ങളും വിഫലമായിരിക്കുകയാണ്. മുണ്ടക്കൈ, വെള്ളരിമല, വനമേഖലകളില്‍ നിന്നാണ് കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്.
പകല്‍സമയങ്ങളില്‍ പോലും ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ തമ്പടിക്കുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. ഏക്കര്‍കണക്കിന് കാര്‍ഷിക വിളകളാണ് കഴിഞ്ഞ ഒരു മാസത്തിലേറെ കാലം കൊണ്ട് കാട്ടാനകള്‍ നശിപ്പിച്ചത്. കിടങ്ങുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ ഇവയെ പ്രതിരോധിക്കാനാവൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications