വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും ഉറക്കം നഷ്ടപ്പെട്ട് 'വടക്കനാട്' ഗ്രാമം; തിരിച്ചെത്തിയ കാട്ടുകൊമ്പനെ പിടികൂടാന്‍ സജ്ജമായി വനംവകുപ്പ്; മൂന്നുപേരെ കൊലപ്പെടുത്തിയ ആന തിരിച്ചെത്തിയത് ഏഴ് മാസങ്ങള്‍ക്ക് ശേഷം

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി താലൂക്കിലെ വടക്കനാട് എന്ന ഗ്രാമത്തെ വിറപ്പിച്ച കാട്ടുകൊമ്പന്‍ ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചെത്തിയതോടെ ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികള്‍. കഴിഞ്ഞ ഏഴ് മാസമായി ബന്ദിപ്പൂര്‍, മുതുമല വനമേഖലയില്‍ കഴിയുകയായിരുന്ന കാട്ടുകൊമ്പന്‍ കഴിഞ്ഞ ദിവസമാണ് വടക്കനാട് പ്രദേശങ്ങളെല്ലാം ഉള്‍പ്പെടുന്ന കുറിച്യാട് റെയ്ഞ്ചില്‍ എത്തിയിരിക്കുന്നത്. വനംവകുപ്പ് വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഈ കാട്ടാന കൊലപ്പെടുത്തിയത്.

<strong>മയക്കു മരുന്ന് മാഫിയ ജാഗ്രതൈ... ലഹരി വേട്ടയ്ക്ക് ആധുനിക സൗകര്യങ്ങൾ, കേസില്‍ ഉള്‍പ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട്!!</strong>മയക്കു മരുന്ന് മാഫിയ ജാഗ്രതൈ... ലഹരി വേട്ടയ്ക്ക് ആധുനിക സൗകര്യങ്ങൾ, കേസില്‍ ഉള്‍പ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട്!!

വടക്കനാട് ഗ്രാമത്തിലെ കാര്‍ഷികവിളകളെല്ലാം നശിപ്പിച്ച് കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ആന എന്നും പേടിസ്വപ്നമായിരുന്നു. നാട്ടുകാരുടെ അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വനംവകുപ്പ് ആനയെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടിരുന്നു. എന്നാല്‍ വീണ്ടും കൃഷിയിടത്തിലിറങ്ങിയ ആന കാര്‍ഷികവിളകള്‍ നശിപ്പിച്ചതോടെ വടക്കനാട് ഗ്രാമവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ പൊന്‍കുഴിയില്‍ ഒരു ബാലനെ കൂടി ആനക്കൊലപ്പെടുത്തി. അങ്ങനെ ആനയെ പിടികൂടാന്‍ തന്നെ വനംവകുപ്പ് തീരുമാനിച്ചു.

Elephant

മുത്തങ്ങയില്‍ വടക്കനാട് കൊമ്പന് കഴിയാനായി ശക്തമായ പന്തിയുമൊരുക്കി. എന്നാല്‍ ഏവരെയും അമ്പരപ്പെടുത്തിക്കൊണ്ട് കൊമ്പന്‍ മാസങ്ങളോളം കേരളാ അതിര്‍ത്തിയിലേക്ക് വന്നില്ല. റോഡിയോ കോളര്‍ ഘടിപ്പിച്ചതിനാല്‍ ആനയുടെ സഞ്ചാരപഥം വനംവകുപ്പിന് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. ബന്ദിപ്പൂര്‍, മുതുമല വനമേഖലയില്‍ മാറിമാറി കൊമ്പന്റെ സാന്നിധ്യം സ്ഥിരീകരിച്ചുവരികയായിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് കുറിച്യാട് റെയ്ഞ്ചില്‍ തന്നെ ഈയാനയുണ്ടെന്നാണ് വനംവകുപ്പ് മനസിലാക്കിയിരിക്കുന്നത്. വീണ്ടും മയക്കുവെടി വെച്ച് പിടികൂടാനുള്ള ഒരുക്കങ്ങളിലാണ് വനംവകുപ്പ്.

അതേസമയം, വടക്കനാട് ഗ്രാമ സംരക്ഷണസമിതി വീണ്ടും സമരത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് നാട്ടുകാരെ വിറപ്പിച്ച കാട്ടുകൊമ്പന്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. നേരത്തെ നടത്തിയ അതിശക്തമായ സമരത്തിന് വന്‍ ജനപിന്തുണയുണ്ടായിരുന്നു. വനം മന്ത്രിയടക്കം വിഷയത്തില്‍ ഇടപെടുകയും ശാശ്വത പരിഹാരം കാണുമെന്നു ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഏഴ് മാസം പിന്നിടുമ്പോഴും പ്രശ്‌നത്തിന് പരിഹാരമാകാത്ത സാഹചര്യത്തിലായിരുന്നു വീണ്ടും സമരം ശക്തമാക്കാന്‍ ഗ്രാമസംരക്ഷണ സമിതി നേതാക്കള്‍ തീരുമാനിച്ചത്.

വന്യജീവി സങ്കേതത്തിനു ചുറ്റും കരിങ്കല്‍ മതില്‍ നിര്‍മിച്ച് അതില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുക, വന്യജീവി ആക്രമണത്താല്‍ മനുഷ്യര്‍ മരിക്കുന്ന സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, ആശ്രിതന് ജോലി നല്‍കുക, വന്യമൃഗശല്യം മൂലമുണ്ടാകുന്ന വളര്‍ത്തുമൃഗ, കൃഷി നാശത്തിന് 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം അനുവദിക്കുക, പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വടക്കനാട് ഗ്രാമസംരക്ഷണസമിതി സമരം നടത്തിയത്.

2018 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രണ്ടു ഘട്ടമായി ജാതിമത രാഷ്ട്രീയ ഭേദമെന്യ വടക്കനാട്ടെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നടത്തിയ സമരം വന്യമൃഗശല്യത്തിനെതിരെയുള്ള ജില്ലയിലെ ഏറ്റവും വലുതും, ജനപിന്തുണ കിട്ടിയതുമായ സമരവുമായിരുന്നു. ആദ്യഘട്ടത്തില്‍ പുരുഷന്മാര്‍ നടത്തിയ സമരം പിന്നീട് സ്ത്രീകള്‍ ഏറ്റെടുത്തു. ദിവസങ്ങളോളം നിരാഹാരസമരം നടത്തിയതിന് ശേഷമായിരുന്നു മന്ത്രിയുള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടത്.

മൂന്നു മാസത്തിനുള്ളില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഏഴ് മാസം പിന്നിട്ടിട്ടും ഇതുമായി ബന്ധപെട്ടു കാര്യമായ നടപടികളൊന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അടുത്തിടെ വീണ്ടും നെല്‍വയലുകളിലും മറ്റും കാട്ടാനകള്‍ കൂട്ടത്തോടെയിറങ്ങി നശിപ്പിച്ചതും പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മൂന്ന് പേരെ കൊലപ്പെടുത്തിയ കാട്ടുകൊമ്പന്‍ കൂടി തിരിച്ചെത്തിയിരിക്കുന്നത്.

Wayanad
English summary
Elephant issue in Wayand Vadakkanad village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X