വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിരോധ കുത്തിവെപ്പില്‍ ഗുരുതരവീഴ്ച; വയനാട്ടില്‍ കന്നുകാലികളില്‍ കുളമ്പുരോഗം പടരുന്നു, പനമരം ഗ്രാമപഞ്ചായത്തില്‍ അഞ്ച് പശുക്കള്‍ക്ക് രോഗബാധ

  • By Desk
Google Oneindia Malayalam News

പനമരം: വയനാട്ടിലെ മുഴുവന്‍ പശുക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തിയെന്ന അധികൃതരുടെ വാദം പൊളിയുന്നു. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയെന്ന് അവകാശപ്പെടുമ്പോഴും വയനാട്ടിലെ പനമരം ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗം പടരുകയാണ്. പനമരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് രോഗം പടരുന്നതായി കണ്ടെത്തിയിരിക്കുന്നത്.

പുല്‍വാമയിലെ ചാവേര്‍... അല്‍ ഖ്വായ്ദ സംഘടനയില്‍ നിന്ന് ജെയ്‌ഷെ മുഹമ്മദിലേക്ക്; ആ ചരിത്രം ഇങ്ങനെ

നടവയല്‍ ചീരവയല്‍ പുതുപറമ്പില്‍ ദേവസ്യയുടെ രണ്ടു പശുക്കള്‍ക്കും, ചീരവയല്‍കുന്നിന് സമീപമുള്ള നടവയല്‍ ഇരട്ട മുണ്ടക്കല്‍ ജില്‍സന്റെ മൂന്ന് പശുക്കള്‍ക്കും കുളമ്പ് രോഗം ബാധിച്ചിട്ട് ദിവസങ്ങളായി. എന്നാല്‍ മൃഗാശുപത്രിയില്‍ വിവരമറിയിച്ചിട്ടും ഗുളിക നല്‍കിയതല്ലാതെ സ്ഥലം സന്ദര്‍ശിക്കാനോ, രോഗം പടരാതിരിക്കാനുള്ള നടപടി സ്വീകരിക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Cow

ജില്ല മൊത്തം പ്രതിരോധ കുത്തിവെപ്പ് നടത്തിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഈ പ്രദേശത്തൊന്നും കുത്തിവെപ്പ് നടത്തിയിട്ടില്ലെന്ന് പറയുന്നു. മൂന്ന് പശുക്കള്‍ക്ക് രോഗം ബാധിച്ചതോടെ ജിത്സന്‍ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും വിഷയം ഗൗരവത്തിലെടുത്തില്ലെന്ന് പരാതിയുണ്ട്. രോഗം പടരാതിരിക്കാനുള്ള നടപടി സ്വീകരിക്കാത്തതിനാല്‍ തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് രോഗം പടരുകയാണ്.

കാര്‍ഷികവൃത്തിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഈ പ്രദേശത്തെ പലരുടെയും ഉപജീവനമാര്‍ഗം കന്നുകാലി വളര്‍ത്തലാണ്. രോഗം വ്യാപിച്ചതോടെ ക്ഷീരകര്‍ഷകര്‍ പരിഭ്രാന്തരായിരിക്കുകയാണ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും ഈ നിമിഷം വരെ ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയില്ല. ഹര്‍ത്താല്‍ദിനമായ തിങ്കളാഴ്ച അവശ്യ സര്‍വീസുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആ പേര് പറഞ്ഞാണ് അധികൃതര്‍ ഇങ്ങോട്ടേക്കെത്താത്തത്.

കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പില്‍ നിന്ന് പല പ്രദേശങ്ങളെയും ഒഴിവാക്കിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടി എടുക്കണമെന്നും ഈ പ്രദേശത്തെ ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഞായറാഴ്ച രാവിലെ മുതല്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ അടക്കം കര്‍ഷകര്‍ ബന്ധപ്പെട്ടിട്ടും നോക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്നും കര്‍ഷകര്‍ പറയുന്നു. സംഭവത്തെ കുറിച്ച് ക്ഷീരവികസന വകുപ്പിലെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷകര്‍. അതേസമയം, അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടാതായതാണ് വ്യക്തമാകുന്നത്.

രോഗം പടരുന്ന പനമരം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പ്രതിരോധ കുത്തിവെപ്പ് നടത്തിയില്ലെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. എന്നാല്‍ കുത്തിവെപ്പ് നടത്തിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അധികാരികള്‍. ഏഴാം വാര്‍ഡിലെ നിരവധി കര്‍ഷകരുടെ കന്നുകാലികളെ വര്‍ഷങ്ങളായി പ്രതിരോധകുത്തിവെപ്പ് നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ക്ഷീരകര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന പനമരം ഗ്രാമപഞ്ചായത്തിലെ ആലങ്കല്‍ താഴെ പ്രദേശത്ത് കുത്തിവെപ്പ് നടത്തിയിട്ടുണ്ടെങ്കിലും തൊട്ടടുത്ത പ്രദേശമായ ചീരവയല്‍പ്രദേശം ഒഴിവാക്കിയതായി കര്‍ഷകര്‍ പറയുന്നു.

ഈ പ്രദേശത്ത് കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയെന്നാണ് മേലധികാരികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. ഏഴാം വാര്‍ഡിലാണ് ഏറ്റവുധികം കുത്തിവെപ്പ് എടുത്തതെന്ന് ഇതിനായി നിയോഗിക്കപ്പെട്ട നിഖില്‍ അവകാശപ്പെടുന്നു. കുത്തിവെപ്പെടുക്കാത്തത് ഗുരുതര വീഴ്ചയാണെന്നും ഇത് സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ക്ഷീരകര്‍ഷകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.

Wayanad
English summary
Foot-and-mouth disease for cow in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X