കടുവയെ പിടികൂടാനുള്ള ശ്രമം തുടര്‍ന്ന് വനപാലകര്‍; കണ്ടെത്തിയാല്‍ മയക്കുവെടി വെക്കാന്‍ ആലോചന
വയനാട്: പുല്‍പ്പള്ളി കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള വനം വകുപ്പിന്റെ തിരച്ചില്‍ തുടരുകയാണ്. കടുവയെ കണ്ടെത്തിയ ശേഷം മയക്കു വെടി വെക്കണോ എന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് നരേന്ദ്ര ബാബു അറിയിച്ചു. തിരച്ചിലിനിടെ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ചെതലയം റേഞ്ചര്‍ ശശികുമാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ വനപാലകര്‍ കൊടുവള്ളിയില്‍ എത്തിയിട്ടുണ്ട്. രാവിലെ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് സിസിഎഫിന്റെയും വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും നേതൃത്വത്തില്‍ മുന്നൂറിലധികം വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ തുടങ്ങി. ഓടിച്ച് വിടലും കൂട് വെച്ച് പിടിക്കലും ഇനി സാധ്യമല്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം. കടുവയെ കണ്ടെത്തിയ ശേഷം മയക്കുവെടി വെച്ച് പിടികൂടാനാണ് ആലോചന. മയക്കുവെടി വെക്കുന്നതിനായി വെറ്റിനറി സര്ജന്മാരുടെ സംഘവും കൊളവള്ളിയിലെത്തി.
കഴിഞ്ഞ ദിവസം വരെ പ്രദേശ വാസികള്‍ കൂടി തിരച്ചില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ന് തിരച്ചിലില്‍ പ്രദേശത്തെ ജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. കൂടുതല്‍ ഉദ്യോഗസ്ഥര്‍ തിരയുന്നതിനാല്‍ രാത്രിയാകും മുന്‍പ് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍. കൊളവള്ളി മേഖലയിലെ 20 കിലോമീറ്റര്‍ ചുറ്റളവിലാണ് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണ്. കടുവയുടെ ആക്രമണം ഭയന്നാണ് കഴിഞ്ഞ നാല് ദിവസമായി കൊളവള്ളിയിലേയും പരിസരപ്രദേശങ്ങളിലേയും പ്രദേശ വാസികള്‍ കഴിയുന്നത്. ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കടുവടെ പിടികൂടുംവരെ ഒറ്റക്ക് സഞ്ചരിക്കരുത് എന്നാണ് നാട്ടുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
പുല്‍പ്പള്ളി കബനി തീരത്തെ കൊളവള്ളിയിലെ ഒരു കൃഷിയിടത്തില്‍ നിന്നാണ് കടുവയെ പ്രദേശവാസികള്‍ കാണുന്നത്. പിന്നീട് റെയ്ഞ്ചര്‍ ടി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കടുവയെ തുരത്താന്‍ പ്രദേശത്തെത്തുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ കടുവയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പതുങ്ങിയിരുന്ന കടുവ ശശികുമാറിനെ ആക്രമിച്ചത്. മറ്റ് വനപാലകരും നാട്ടുകാരും ബഹളം വെച്ചതിനാല്‍ കടുവ ഓടി രക്ഷപ്പെട്ടു.
കടുവയുടെ ആക്രമണത്തില്‍ തോളിന് പരിക്കേറ്റ ശശികുമാറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം. കര്‍ണാടകയില്‍ നിന്നും കബനി കടന്ന് കൊളവള്ളിയിലും പരിസരത്തുമെത്തിയതാണ് കടുവയെന്നാണ് വനം വകുപ്പിന്റെ നിഗമനം. അതിനിടെ ജില്ല കലക്ടര്‍ തഹസില്‍ദരോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രദേശത്ത് 144 പ്രഖ്യാപിക്കേണ്ട ആവശ്യം ഉണ്ടോയെന്നും പരിശോധിക്കും. ജനങ്ങള്‍ കൂട്ടം കൂടിയാല്‍ 144 പ്രഖ്യാപിക്കേണ്ടി വരും.