പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീഴടങ്ങി
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതി കീഴടങ്ങി. മുന്‍ കോണ്‍ഗ്രസ് ജില്ലാജനറല്‍ സെക്രട്ടറിയും, സുല്‍ത്താന്‍ബത്തേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ എം ജോര്‍ജാണ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരി മുമ്പാകെ കീഴടങ്ങിയത്.
സുല്‍ത്താന്‍ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് എസ്എംഎസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ജോര്‍ജ് ഇന്ന് നേരിട്ടെത്തി കീഴിടങ്ങുകയായിരുന്നു. പോക്സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് സുല്‍ത്താന്‍ബത്തേരി പൊലീസ് കേസെടുത്തത്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചതായാണ് പരാതി. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജ് പീഡിപ്പിച്ചതായുള്ള വിവരങ്ങള്‍ വ്യക്തമാകുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. ആദിവാസി പെണ്‍കുട്ടിക്ക് നേരെയുള്ള പീഡനമായതിനാല്‍ കേസ് പട്ടികവര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന എസ് എം എസ് ഡി വൈ എസ് പിക്ക് കൈമാറുകായിരുന്നു. പൊലീസ് കേസെടുത്തതോടെ ജോര്‍ജ്ജ് ഒളിവില്‍ പോയിരുന്നു.
പോക്‌സോ കേസില്‍ കുടുങ്ങിയതോടെ ഒ എം ജോര്‍ജ്ജിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി വിവരങ്ങള്‍ മനസിലാക്കി സംസ്ഥാനകമ്മിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.












Click it and Unblock the Notifications