പ്രധാന്‍മന്ത്രി ഉജ്വല്‍യോജന പദ്ധതി: ഗ്യാസ് ഏജന്‍സികള്‍ നടത്തിയത് വന്‍ സാമ്പത്തികതട്ടിപ്പ്!
കല്‍പ്പറ്റ: പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ മറവില്‍ ഗ്യാസ് ഏജന്‍സികള്‍ നടത്തിയ വന്‍ സാമ്പത്തികക്രമക്കേട് പുറംലോകമറിയാതെ പൂഴ്ത്തി. ആദിവാസി-നിര്‍ധന വിഭാഗങ്ങള്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് ചില ഗ്യാസ് ഏജന്‍സികള്‍ നിയമം ലംഘിച്ച് 200 രൂപ മുതല്‍ 750 രൂപ വരെ ഈടാക്കി നല്‍കിയത്. ദാരിദ്രരേഖക്കുതാഴെയുള്ള സ്ത്രീകളെ മാലിന്യവിമുക്തവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക എന്ന ഉദേശത്തോടെ പുക രഹിത അടുക്കള എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

ആദ്യത്തെ ആറ് സിലിണ്ടറുകള്‍ക്ക് സബ്സിഡി
ആദ്യത്തെ ആറ് പ്രാവശ്യം സിലിണ്ടര്‍ നിറക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കും. പിന്നീടുള്ള തവണകളിലെ സബ്സിഡി, സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കിയ വിഹിതത്തിലേക്ക് ഈടാക്കുന്നതാണ് ഉജ്വല്‍ യോജന പദ്ധതി. 2019 ഓടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍.പി.ജി. കണക്ഷന്‍ നല്‍കുവാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ സാമ്പത്തികക്രമക്കേട് നടത്തി ദുഷ്‌പേര് കേള്‍പ്പിച്ചിരിക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയി!!
സംഭവം നേരത്തെ പുറത്തുവന്നെങ്കിലും വയനാട്ടിലെ അതിശക്തമായ മഴയും തുടര്‍ന്നുണ്ടായ വ്യാപക നാശനഷ്ടങ്ങള്‍ക്കുമിടയില്‍ വിഷയം ബന്ധപ്പെട്ടവര്‍ പൂഴ്ത്തിവെക്കുകയായിരുന്നു. നാളിത്രയായിട്ടും ആദിവാസികളെ കബളിപ്പിച്ച സംഭവത്തില്‍ യാതൊരുവിധ നടപടിയയും കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല. പെട്രോളിയം കമ്പനികളും, അധികൃതരും ഇപ്പോഴും മൗനം തുടരുകയാണ്. പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതിപ്രകാരം നിര്‍ധനര്‍ക്ക് നല്‍കുന്ന ഗ്യാസ് കണക്ഷന്റെ ചിലവ് വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ വിവരം മറച്ചുവെച്ചാണ് ആദിവാസികളടക്കമുള്ളവരെ ഗ്യാസ് ഏജന്‍സികള്‍ വഞ്ചിക്കുന്നത്.

ആദിവാസികളില്‍ നിന്ന് പണം തട്ടി!!
ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളുടെ ചില ഗ്യാസ് ഏജന്‍സികളാണ് പദ്ധതി നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയത്. പദ്ധതിയുടെ ഭാഗമായി ഗുണനിലവാരം കുറഞ്ഞ ഗ്യാസ് സ്റ്റൗ നല്‍കി അതിന്റെ പേരിലും ആദിവാസികളെ വഞ്ചിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പരിധിയില്‍ വരുന്ന നടവയല്‍ പാടിക്കുന്ന് ഊരാളി കോളനിയിലെ സ്ത്രീകള്‍ക്ക് പുല്‍പ്പള്ളിയിലെ ഒരു ഗ്യാസ് എജന്‍സി കണക്ഷന്‍ നല്‍കിയത് ഓരോ അപേക്ഷകയില്‍ നിന്നും 200 രൂപ വീതം വാങ്ങിയാണ്. വണ്ടിക്കൂലിക്കും മറ്റ് ചെലവുകള്‍ക്കുമായിട്ടാണെന്ന് പറഞ്ഞാണ് ലോറിയില്‍ സിലിണ്ടര്‍ കൊണ്ടു വന്നവര്‍ 200 രൂപ വീതം വാങ്ങിയതെന്ന് കോളനിയിലെ സുജാത പറഞ്ഞു. ഇവര്‍ക്കൊപ്പം കോളനിയിലെ 35 സ്ത്രീകള്‍ക്ക് കൂടി ഒരേ ദിവസം കണക്ഷന്‍ നല്‍കി. അവരില്‍ നിന്നും 200 രൂപ വീതം വാങ്ങി. ഇവര്‍ക്ക് നല്‍കിയ സ്റ്റൗ തീരെ ഗുണനിലവാരമില്ലാത്തതുമായിരുന്നു.

ഗുണനിലവാരമുള്ള സ്റ്റൗ നല്‍കിയില്ലെന്ന്
1000 രൂപയോളം വരുന്ന ഗുണനിലവാരമുള്ള സ്റ്റൗ നല്‍കണമെന്നാണ് ഗ്യാസ് ഏജന്‍സികള്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സ്റ്റൗ ഇടപാടില്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നാമമാത്രമായ തുക മാത്രമാണ് കമ്മീഷനായി ലഭിക്കുക. ഇതിനെ മറികടക്കാനാണ് ഏജന്‍സിക്കാര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ ലഭിക്കുന്ന ഗുണനിലവാരമില്ലാത്ത സ്റ്റൗ വിതരണം ചെയ്യുന്നത്. ഇത്തരം സ്റ്റൗവില്‍ പാത്രം വെക്കുമ്പോള്‍ വളഞ്ഞുപോവുകയാണെന്നും കോളനികളില്‍ നിന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ വാഹനക്കൂലി, സ്റ്റൗ എന്നീ ഇനങ്ങളില്‍ ലക്ഷങ്ങളാണ് ചില ഗ്യാസ് ഏജന്‍സികള്‍ കൊള്ളയടിച്ചിരിക്കുന്നത്. അതീവ സൂക്ഷ്മതയോടെയായിരുന്നു പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ഓരോ ജില്ലയിലും പദ്ധതിയുടെ നടത്തിപ്പിനായി നോഡല്‍ ഓഫീസര്‍മാരുണ്ട്.

തട്ടിപ്പിന് നോഡല്‍ ഓഫീസറുടെ പിന്തുണ
ഭാരത് ഗ്യാസിന്റെ സെയില്‍സ് ഓഫീസറാണ് വയനാട്ടിലെ നോഡല്‍ ഓഫീസര്‍. പ്രസ്തുവിഷയം നോഡല്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. വന്‍ സാമ്പത്തികലാഭം ലക്ഷ്യമിട്ട് നിര്‍ധനരായവരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ ചില കമ്പനികള്‍ ഏജന്റുമാരെയും നിയോഗിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ എല്ലാ എണ്ണ കമ്പനികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നിരിക്കെ ഈ വസ്തുത പ്രചരിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ മടികാട്ടിയെന്നും ആക്ഷേപമുണ്ട്. ഏറെ ആക്ഷേ പങ്ങളുയര്‍ന്നിട്ടും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഗ്യാസ് ഏജന്‍സികളുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാതെ തട്ടിപ്പിനു വളംവെച്ചുവെന്ന ആരോപണവും ശക്തമാണ്.












Click it and Unblock the Notifications