വയനാട് മേപ്പാടി സ്വദേശിയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍, ശത്രുതക്ക് കാരണം കടം വാങ്ങിയ പണം തിരികെ ചോദിച്ചത്!
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം ഗുരുതര പരിക്കുകളോടെ റോഡരുകില്‍ കണ്ടെത്തുകയും, പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്ത മേപ്പാടി സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മേപ്പാടി കടച്ചിക്കുന്ന മാമല സണ്ണിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സണ്ണിയുടെ സുഹൃത്ത് റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് സണ്ണിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്നത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമായത്. റഷീദിന്റെ വീട് പണിക്ക് രണ്ട് ലക്ഷം രൂപ സണ്ണി സഹായിച്ചിരുന്നു.

ഈ തുക നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും റഷീദ് തിരികെ നല്‍കിയിരുന്നില്ല. പണം തിരികെ കൊടുക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. റഷീദ് ഹെല്‍മറ്റ് കൊണ്ട് സണ്ണിയുടെ തലക്കും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതില്‍ തലക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് ഡി വൈ എസ് പി വ്യക്തമാക്കി.
ഫെബ്രുവരി 24ന് രാത്രി പത്ത് മണിയോടെയാണ് സണ്ണിയെ ഗുരുതര പരിക്കുകളോടെ റോഡരികില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം ചികിത്സയിലിരിക്കെ സണ്ണി മരിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സണ്ണിയുടെ മരത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം സി പി എം ആവശ്യപ്പെട്ടിരുന്നു. മരണം കൊലപാതകണമാണെന്ന് ബന്ധുക്കളും നാട്ടുകാരും നേരത്തെ തന്നെ സംശയമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എക്കും, ഡി ജിപിക്കും പരാതി നല്‍കാനും തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications