സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവം: രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി; വിനയായത് സോഷ്യല്‍മീഡിയയെന്ന് സംശയം
കല്‍പ്പറ്റ: അടുത്ത കാലത്ത് വയനാട്ടില്‍ സഹപാഠികളായ രണ്ട് വിദ്യാര്‍ഥികള്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം കാരണമായതായി സൂചന. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് വിദ്യാര്‍ത്ഥികള്‍ ഒരുപോലെ മരിച്ച സംഭവത്തില്‍ നാട്ടുകാരിലും രക്ഷിതാക്കളിലും ആശങ്കയുയര്‍ത്തിയ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കമ്പളക്കാട്, സമീപപ്രദേശമായ കണിയാമ്പറ്റ എന്നിവിടങ്ങളിലുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇരുവരും ഉച്ചത്തില്‍ പാട്ട് വെച്ച ശേഷമാണ് തൂങ്ങിമരിച്ചത്. ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ മരിക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക് ചിലവും നല്‍കിയിരുന്നു. ഇരുവരുടെയും സോഷ്യല്‍മീഡിയയിലും, സുഹൃത്തുക്കള്‍ക്കിടയിലുമായി പങ്കുവെച്ച ആശയങ്ങളാണ് കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്.

ഇരുവരും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരണത്തെ കുറിച്ചുള്ള സൂചനകളും, മരണചിന്ത പ്രണയം പോലെ തലക്കുപിടിച്ച കാര്യങ്ങളും സഹപാഠികളുമായി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലേക്കെത്തുകയാണെങ്കില്‍ ഇവര്‍ പിന്തുടര്‍ന്ന ഒരു ഗ്രൂപ്പ് വിഷാദം, ഏകാന്തത, ഭീകരത, മരണം എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു പങ്കുവെച്ചിരുന്നതെന്നതും സൂചനയുണ്ട്. സോഷ്യല്‍മീഡിയ വഴി മരിച്ച ഇരുവിദ്യാര്‍ത്ഥികളും പങ്കുവെച്ചിരുന്നത് മരണത്തെ പ്രണയിച്ചുതുടങ്ങിയെന്ന ആശയമായിരുന്നു.
കൂടുതല്‍ പേര്‍ ഇവരുടെ പാത പിന്തുടരാനുള്ള സാധ്യത കണക്കിലെടുത്ത് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കൗണ്‍സിലിംഗ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചുവരികയാണ്. ഇരുവരും മരിച്ചതിന് ശേഷം മറ്റൊരു സുഹൃത്ത് കഴിഞ്ഞദിവസം മരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തിരുന്നു. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ വിദ്യാര്‍ത്ഥി പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിയെയും കൂട്ടി രക്ഷിതാക്കള്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചിരുന്നു. പൊലീസ് വിദ്യാര്‍ത്ഥിയോട് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയതിന്റെയും, ബോധവത്ക്കരണം നടത്തിയതിന്റെയും ഫലമായി കുട്ടിയുടെ മനസ് മാറുകയായിരുന്നു. രണ്ട് സുഹൃത്തുക്കളുടെ മരണത്തിലുണ്ടായ ആഘാതത്തിലാണ് ഇത്തരത്തിലൊരു പോസ്റ്റിടാന്‍ കാരണമെന്നാണ് വിദ്യാര്‍ത്ഥി പൊലീസിനോട് വെളിപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി വയനാട്ടില്‍ നടന്ന ആത്മഹത്യകളും ഇരുചക്ര വാഹന അപകടങ്ങളും സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ഇരുവിദ്യാര്‍ത്ഥികളെയും മരണത്തിലേക്കെത്തിച്ചത് സോഷ്യല്‍മീഡിയയോ, അതോ കംപ്യൂട്ടര്‍ ഗെയിം പോലുള്ള മറ്റെന്തെങ്കിലുമാണോയെന്ന കാര്യം വിശദമായ അന്വേഷണത്തില്‍ മാത്രമെ വ്യക്തമാവൂ.












Click it and Unblock the Notifications