വയനാട് ചുരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം, വിനോദ സഞ്ചാര മേഖലകളെ ബാധിച്ചേക്കും?
കല്‍പ്പറ്റ: വയനാട് ചുരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. പതിവായി ആറ്, ഏഴ്, എട്ട് വളവുകളിലാണ് ഗതാഗത പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. ഈ വളവുകള്‍ നവീകരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി സിദ്ദീഖ് എംഎല്‍എ കേന്ദ്ര റോഡ്-ഗതാഗത, ഹൈവേ മന്ത്രാലയം റീജ്യനല്‍ ഡയറക്ടറുമായി ചര്‍ച്ചനടത്തി.
ചുരം നവീകരണത്തിന് വനഭൂമി വിട്ടുകിട്ടിയിട്ടും പ്രവൃത്തി വൈകുന്നതാണ് പ്രധാന പ്രശ്‌നം. ഇത് അനാസ്ഥയാണെന്നാണ് ആരോപണം. ദിവസേന നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്. വയനാടിന്റെ ടൂറിസം മേഖലയെ പോലും ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമായി ഇത് മാറിയിരിക്കുകയാണ്.

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയുടെ നവീകരണത്തിന് ഒപ്പമേ ചുരംവളവുകളുടെ വീതി കൂട്ടല്‍ പ്രവൃത്തി നടത്താനാകുവെന്ന നിലപാട് വയനാട്ടുകാരോടുള്ള വെല്ലുവിളിയാണെന്ന് ടി സിദ്ദീഖ് ആരോപിച്ചു. ചുരം വളവുകള്‍ നവീകരിക്കാന്‍ അടിയന്തര സ്വഭാവത്തോടു കൂടിയ പ്രത്യേക പദ്ധതിയായി പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം നിവേദനം നല്‍കി. പൊതുമരാമത്ത് വകുപ്പ് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നാണ് കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതെന്നും സിദ്ദീഖ് പറഞ്ഞു. ചുരത്തിലെ ഗതാഗത കുരുക്ക് വയനാടിന്റെ സാമ്പത്തിക-സാമൂഹിക-വിനോദ സഞ്ചാര മേഖലകളെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ചുരത്തിന് ബദല്‍ പാത ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.












Click it and Unblock the Notifications