വയനാട് പുഴുവരിച്ച കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ അതോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ തുടങ്ങിയ കാര്യങ്ങളടക്കം അന്വേഷിക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശച്ചു.
മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കളാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം കിറ്റ് നൽകിയത് ആരാണ് എന്ന കാര്യത്തിൽ രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിഷയം എൽ ഡി എഫ് ആയുധമാക്കിക്കഴിഞ്ഞു. യു ഡി എഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്താണ് ഉത്തരവാദി എന്നാണ് സി പി എം ആരോപിക്കുന്നത്. പുതിയ അരി ഗോഡൗണിൽ ഉണ്ടായിട്ടും പുഴുത്ത അരി വിതരണം ചെയ്തുവെന്നാണ് സി പി എം വിമർശിക്കുന്നത്. വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് എൽ ഡി എഫ് നീക്കം. പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് സി പി എം മാർച്ച് നടത്തി. തിരഞ്ഞെടുപ്പ് വരെ വിഷയം സജീവമാക്കി നിർത്താനാണ് എൽ ഡി എഫ് ആലോചന.

എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തങ്ങൾക്ക് ഇതിലൊന്നും ചെയ്യാൻ സാധിക്കില്ലെന്നും ഗുണനിലവാരം പരിശോധിക്കേണ്ടത് റവന്യൂ വകുപ്പാണെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. വിഷയത്തിൽ ടി സിദ്ധിഖ് എം എൽ എയും റെവന്യൂ വകുപ്പിനെയാണ് കുറ്റപ്പെടുത്തുന്നത്. 'മേപ്പാടി പഞ്ചായത്തിലേക്ക് കൊടുത്ത് വിട്ട ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്ത് അധികൃതർക്കല്ല. ഭക്ഷ്യ സുരക്ഷ വകുപ്പിനാണ്. മേപ്പാടി പഞ്ചായത്തിലേക്ക് നൽകിയ വസ്ത്രങ്ങളും അവശ്യവസ്തുക്കളും ഗുണനിലവാരം ഉള്ളവയായിരുന്നില്ല. പഞ്ചായത്തിലേക്ക് ഇവ വിതരണം ചെയ്യുന്നതിന് മുൻപ് ഇവയുടെ ഗുണനിലവാരം പരിശോധിച്ചുവെന്നതിന്റെ രേഖ കാണിക്കാൻ റവന്യൂ മന്ത്രിയോട് ആവശ്യപ്പെടുകയാണ്' സിദ്ധിഖ് പറഞ്ഞു.
എന്നാൽ പഞ്ചായത്തിനെതിരെ മന്ത്രി കെ രാജൻ രംഗത്തെത്തി. ഇത് റവന്യു വകുപ്പും ജില്ലാ ഭരണകൂടവും വിതരണം ചെയ്ത അരിയല്ലെന്നും റവന്യൂ വകുപ്പ് നൽകിയ ഒരു കിറ്റിൽപ്പോലും യാതൊരു കേടുപാടുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ സംസ്ഥാന ഭക്ഷ്യകമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.












Click it and Unblock the Notifications