വനം വകുപ്പ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം: സംഭവം മാനന്തവാടി തോൽപ്പെട്ടിയിൽ
മാനന്തവാടി: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വനംവകുപ്പ് വാച്ചറാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബാവലി തോണിക്കടവ് തുറമ്പൂർ കോളനിയിലെ ബസവന്റ മകൻ കെഞ്ചൻ (46) ആണ് മരിച്ചത്. വയനാട് വന്യജീവി സങ്കേതത്തിൻ തോൽപ്പെട്ടി റെയിഞ്ചിൽ ഉൾപ്പെടുന്ന ബാവലി ഫോറസ്റ്റ് സെക്ഷനിൽ താൽക്കാലിക വാച്ചറായിരുന്നു കെഞ്ചൻ.
ആന്റി പോച്ചിങ്ങ് ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് കെഞ്ചനുൾപ്പെടെയുള്ള മൂന്നംഗ സംഘം ആനയുടെ മുന്നിൽപ്പെട്ടത്. മൂവരും ചിതറിയോടിയെങ്കിലും കെഞ്ചൻ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. കെഞ്ചന്റ കൂടെയുണ്ടായിരുന്ന ഭാര്യ സീത, മറ്റൊരുവനം വാച്ചർ എന്നിവരാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വിവരമറിഞ്ഞ് അസി.വൈൽഡ് ലൈഫ് വാർഡന്റ നേതൃത്വത്തിലുള്ള സംഘം കെഞ്ചനെ രാത്രിയോടെ തന്നെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദ്ദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications