വയനാട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ബുധനാഴ്ച അവധി
വയനാട്: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ രേണു രാജ് അറിയിച്ചു. അതേസമയം വയനാട് ഇന്ന് ഓറഞ്ച് അലർട്ടാണ്. വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്ന് മഴക്കെടുതിയിൽ ഒരാൾ മരിച്ചു. കണ്ണൂർ പട്ടുവത്ത് തോട്ടിൽ വീണ് വയോധികയാണ് മരിച്ചത്. തിരുവനന്തപുരം തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി. കോഴിക്കോട് ബാലുശേരിയിലും ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുണ്ട്.

അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ ജൂലൈ 27 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയുണ്ടെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications