രാഹുലിനായി വയനാട്ടില്‍ ഖുശ്ബുവിന്റെ 25 കിലോമീറ്റര്‍ റോഡ് ഷോ: ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗമെന്ന്!!
Recommended Video
കല്‍പ്പറ്റ: യു ഡി എഫ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി വയനാട്ടില്‍ നടിയും എ ഐ സി സി വക്‌സാവുമായ ഖുശ്ബുവിന്റെ റോഡ്‌ഷോ. മാനന്തവാടി നിയോജകമണ്ഡലത്തിലെ നിരവില്‍പ്പുഴയില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോ 25 കിലോമീറ്റര്‍ പിന്നിട്ട് പനമരത്ത് അവസാനിച്ചു. രാത്രി വൈകി നടന്ന റോഡ്‌ഷോയില്‍ ആയിരകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. റോഡ്‌ഷോ കാണാനും ആശിര്‍വദിക്കാനുമായി വിഷുദിനത്തില്‍ രാത്രി വൈകിയും ആളുകള്‍ റോഡരുകില്‍ കാത്തുനില്‍ക്കുന്നത് കാണാമായിരുന്നു.
തുറന്ന വാഹനത്തില്‍ സഞ്ചരിച്ച ഖുശ്ബുവിനെ കോറോം ,മക്കിയാട്, വെള്ളമുണ്ട പത്താം മൈല്‍, വെള്ളമുണ്ട എട്ടേ നാല്‍, തരുവണ ,നാലാം മൈല്‍, കെല്ലൂര്‍, അഞ്ചു കുന്ന് എന്നിവിടങ്ങളിലെ ജനങ്ങള്‍ അഭിവാദ്യങ്ങള്‍ ചെയ്തു. വഴിയിലുടനീളം അവര്‍ രാഹുലിനായി വോട്ടഭ്യര്‍ത്ഥിച്ചു. വൈകിട്ട് 5.30ന് മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൊണ്ടര്‍നാട് കുഞ്ഞോത്ത് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ഖുശ്ബു എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ രാത്രി എട്ട് മണിയോടെയാണ് ഖുശ്ബുവിന് എത്തിച്ചേരാനായത്. വൈകിട്ട് പ്രദേശത്ത് മണിക്കൂറുകളോളം കാത്തുനിന്നവരെ നിരാശരാക്കാതെ ആവേശത്തോടെ തന്നെയായിരുന്നു ഖുശ്ബു ജനങ്ങളെ വരവേറ്റത്. തമിഴിലായിരുന്നു സംസാരിച്ചുതുടങ്ങിയത്. ദേശീയ, സംസ്ഥാന, തെന്നിന്ത്യന്‍ രാഷ്ട്രീയവുമടക്കം വയനാട്ടിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ വരെ സംസാരിച്ച് ഖുശ്ബു കൈയ്യടികളേറ്റുവാങ്ങി.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും ചുരുങ്ങിയത് അഞ്ച് ലക്ഷത്തിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ രാഹുലിനെ വയനാട്ടുകാര്‍ വിജയിപ്പിക്കുമെന്നും ഖുശ്ബു പറഞ്ഞു. തെന്നിന്ത്യയില്‍ രാഹുല്‍ തരംഗമാണുള്ളത്. ഇത്തവണ യു.പി.എ. അധികാരത്തില്‍ വരും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. നോട്ടു നിരോധനം, റാഫേല്‍ അഴിമതി, ജി.എസ്.ടി., വര്‍ഗീയത തുടങ്ങി രാജ്യത്തെ ജനങ്ങളെ സാരമായി ബാധിച്ച എല്ലാ വിഷയങ്ങളും മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നു. ജനങ്ങളുടെ അക്കൗണ്ടിലല്ല കോടീശ്വരന്മാരുടെ അക്കൗണ്ടിലേക്കാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പണം എത്തിയത്.
രാഹുലിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മോദിക്ക് വയനാട്ടില്‍ വരാന്‍ ധൈര്യമുണ്ടോയെന്നും ഖുശ്ബു വെല്ലുവിളിച്ചു. മത്സരിക്കാന്‍ വന്നില്ലങ്കില്‍ പ്രചരണത്തിനെങ്കിലും വരാനുള്ള ധൈര്യം വേണം. പ്രചരണത്തിന് പോലും വയനാട്ടില്‍ വരാന്‍ മോദിക്ക് ധൈര്യമില്ലന്നും ഖുശ്ബു പറഞ്ഞു. യു ഡി എഫിന് ഏറെ പ്രതീക്ഷയുള്ള വടക്കേവയനാട്ടില്‍ ഖുശ്ബുവിന്റെ വരവോടെ പുതിയൊരു ഉണര്‍വ് ലഭിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ഖുശ്ബു, സുല്‍ത്താന്‍ബത്തേരി, നിലമ്പൂര്‍, വണ്ടൂര്‍, തിരുവമ്പാടി, ഏറനാട് തുടങ്ങിയ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മറ്റ് നിയോജകമണ്ഡലങ്ങളിലും പ്രചരണം നടത്തുന്നുണ്ട്. 17ന് രാവിലെ ഒമ്പത് മണിക്ക് മണ്ഡലത്തിലെ തിരുനെല്ലിയിലും, സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലും രാഹുല്‍ഗാന്ധി തന്നെ വരുമ്പോള്‍ ആവേശം പതിന്മടങ്ങാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. ഏപ്രില്‍ 20ന് പ്രിയങ്കാഗാന്ധി കൂടി എത്തുന്നതോടെ യു ഡി എഫ് ഏറെ മുന്നിലെത്തുമെന്നും കരുതുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് യുഡിഎഫിന് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications