വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗ്രാമീണ സംരംഭകത്വ വികസന പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി; പനമരം ബ്ലോക്കില്‍ 1295 സംരംഭങ്ങള്‍ തുടങ്ങും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കുടുംബശ്രീ നടപ്പാക്കുന്ന ഗ്രാമീണ സംരംഭകത്വ വികസന പദ്ധതിക്ക് (എസ്.ഇ.വി.പി) ജില്ലയില്‍ തുടക്കമായി. സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമല്ലാത്തതും വിജയ സാധ്യതയേറെയുള്ളതുമായ മേഖലകളില്‍ സംരംഭകരെ ആകര്‍ഷിച്ച് ജീവനോപാധി ഉറപ്പ് വരുത്തുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. വയനാട്ടിലെ പനമരം ബ്ലോക്ക് പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. നാല് വര്‍ഷം കൊണ്ട് 4.5 കോടി രൂപയാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

kudumbasree

കുടുംബശ്രീ പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഗ്രാമീണ സംരംഭകത്വ വികസന പദ്ധതിയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വഹിക്കുന്നു

പദ്ധതി കാലയളവില്‍ പനമരം ബ്ലോക്കില്‍ ചുരുങ്ങിയത് 1295 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് പ്രൊജക്ട് തയ്യാറാക്കിയിട്ടുള്ളത്. ഇത് പ്രകാരം ആദ്യ വര്‍ഷം മാത്രം 200 സംരംഭങ്ങള്‍ ആരംഭിക്കണം. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ അമ്പതോളം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓട്ടോമൊബൈല്‍ പെയിന്റിംഗ് വര്‍ക്കഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ്, ഗ്ലാസ്സ് പെയിന്റിംഗ്, ഷോപ്പര്‍ ബാഗുകള്‍, ചവിട്ടികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ യൂനിറ്റുകള്‍, മാട്രിമോണിയല്‍ എന്നിങ്ങനെയുള്ള സംരംഭങ്ങള്‍ ആരംഭിച്ച് അത് വഴി സേവന മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബശ്രീ തയ്യാറെടുക്കുകയാണ്. ഗുണഭോക്താക്കളുടെ താല്‍പര്യപ്രകാരം വ്യക്തിഗതമായും ഗ്രൂപ്പുകളായും സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. പദ്ധതി പ്രകാരം രണ്ട് അംഗങ്ങളുണ്ടെങ്കില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ തുടങ്ങാനാകും. എസ്.വി.ഇ.പി പദ്ധതി പ്രാകരം ആരംഭിക്കുന്ന യൂണിറ്റുകള്‍ക്കെല്ലാം കുടുംബശ്രീ സൂക്ഷ്മ സംരംഭ മാനദണ്ഡ പ്രകാരമുള്ള മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുമുണ്ടാകും. ബാങ്ക് വായ്പക്കും മറ്റും കാലതാമസം നേരിടുന്നതിനാല്‍ സംരംഭത്തിന്റെ പ്രാരംഭ മുതല്‍മുടക്കിനാവശ്യമായ തുക കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റായി അനുവദിക്കും. നാല് ശതമാനം പലിശ നിരക്കില്‍ വ്യക്തിഗത യൂണിറ്റുകള്‍ക്ക് 50,000 രൂപയും ഗ്രൂപ്പുകള്‍ക്ക് ഒരു ലക്ഷം രൂപയുമാണ് അനുവദിക്കുക. പനമരം ബ്ലോക്കിന് കീഴിലുള്ള അഞ്ച് ഗ്രാമ പഞ്ചായത്തുകളിലും പദ്ധതി നടത്തിപ്പിനായി എം.ഇ.സിമാരെ നിയമിച്ചിട്ടുണ്ട്.

അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ് യോഗങ്ങളില്‍ പങ്കെടുത്ത് ഇവര്‍ താല്‍പര്യമുള്ളവരെ കണ്ടെത്തുകയും അവബോധ ബോധവല്‍ക്കരണവും സംരംഭകത്വ വികസന പരിശീലനവും നല്‍കി യൂനിറ്റുകള്‍ ആരംഭിക്കുകയുമാണ് ചെയ്യുന്നത്. ബ്ലോക്കിലെ ഒരു പഞ്ചായത്ത് ആസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ എന്ന പേരില്‍ ഓഫീസ് സംവിധാനം ഉടന്‍ ആരംഭിക്കും. എം.ഇ.സിമാരുടെയും ബി.എന്‍.എസ്.ഇ.പി അംഗങ്ങളുടെയും അവലോകന യോഗങ്ങളും ദൈനം ദിന പ്രവര്‍ത്തനങ്ങളും ഈ ഓഫീസ് കേന്ദ്രീകരിച്ചാണ് നടത്തുക. പദ്ധതിയുടെ ഉദ്ഘാടനം പനമരം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍. ദിലീപ് കുമാര്‍, പ്രസിഡന്റ്മാരായ രുഗ്മിണി സുബ്രഹ്മണ്യന്‍, ബിന്ദു പ്രകാശ്, ഗിരിജ കൃഷ്ണന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഹറുന്നീസ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
new kudumbasree development project in wayanad started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X