കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു; വയറിന് പരിക്കേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ
പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചെതലയം റെയ്ഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വേലിയമ്പം വെള്ളാപ്പള്ളിയിൽ ജിനീഷ് ജോസഫി(35) നാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പശുവിനെ കറക്കാനായി പുറത്തിറങ്ങിയ ജിനീഷ് തോട്ടത്തിൽ കാട്ടാനയെ കാണുകയും ബഹളം വെച്ച് തുരത്താൻ ശ്രമിക്കുകയുമായിരുന്നു. ആദ്യം പിന്തിരിഞ്ഞ ആന പിന്നീട് ഓടിയടുക്കുകയും ആക്രമിക്കുകയുമായിരുന്നു.
ആനയുടെ കാലുകൾക്കിടയിൽ കുടുങ്ങിയ ജിനീഷ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.. വയറിന് സാരമായി പരുക്കേറ്റ ജിനീഷിനെ മാനന്തതവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് വിശദമായ പരിശോധനക്ക് ശേഷം മാത്രമേ ആരോഗ്യ സ്ഥിതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രദേശത്ത് പകൽ സമയം പോലും ജനവാസ മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ ബന്ധപ്പെട്ട അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അടുത്തിടെ കാട്ടാനയുടെ ആക്രമണത്തിൽ ജില്ലയിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തോൽപ്പെെട്ടിയി കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടിട്ടും അധികമായിട്ടില്ല.












Click it and Unblock the Notifications