ജെന്‍സന്‍ ഇനിയില്ലെന്ന് ശ്രുതി അറിഞ്ഞു, അന്ത്യചുംബനം നല്‍കി യാത്രയയപ്പ്; ഉള്ളുലക്കുന്ന കാഴ്ചകള്‍
വയനാട്: വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജെന്‍സന് വിട നല്‍കി പ്രതിശ്രുത വധു. ശ്രുതി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് ജെന്‍സന്റെ മൃതദേഹം എത്തിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും സഞ്ചരിച്ച വാന്‍ ബസുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ജെന്‍സന്റെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച ജെന്‍സന്റെ മരണം ഇന്നലെ രാത്രിയോടെയാണ് സ്ഥിരീകരിക്കുന്നത്.
പരിക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. ജെന്‍സന്‍ തിരിച്ചുവരില്ല എന്ന് ഉറപ്പായതോടെ ഇന്നലെ തന്നെ ശ്രുതിയോട് ജെന്‍സന്റെ നില അറിയിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് തന്നെ ജെന്‍സനെ ശ്രുതി കണ്ടു. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതിന് ശേഷം പൊതുദര്‍ശനം നിശ്ചയിച്ചയിടത്തേക്ക് മൃതദേഹം എത്തിക്കാനായിരുന്നു തീരുമാനിച്ചത്.

എന്നാല്‍ ജെന്‍സനെ ഒരിക്കല്‍ കൂടി കാണണം എന്ന ആവശ്യം ശ്രുതി അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും കാണിക്കാനായി ഐസിയുവില്‍ എത്തിച്ചു. ഇവിടെ നിന്ന് അന്ത്യചുംബനം നല്‍കിയാണ് ശ്രുതി ജെന്‍സണെ യാത്രയാക്കിയത്. വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്ക് ശേഷം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ജെന്‍സന്റെ മൃതദേഹം അമ്പലവയല്‍ ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം നടത്തും..
അതിന് ശേഷം ഇന്ന് വൈകീട്ട് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. നൂറ് കണക്കിന് ആളുകളാണ് ജെന്‍സനെ അവസാനമായി കാണാനായി എത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം വെച്ച് അപകടമുണ്ടായത്. ജെന്‍സനായിരുന്നു വാന്‍ ഓടിച്ചിരുന്നത്. ജെന്‍സന്റെ മൂക്കില്‍ നിന്നും തലയോട്ടിയുടെ പുറത്തും അകത്തുമായി രക്തസ്രാവം ഉണ്ടായിരുന്നു.
അപകടത്തിന് ശേഷം ഫയര്‍ ഫോഴ്‌സ് എത്തിയാണ് ജെന്‍സന്‍ അടക്കമുള്ളവരെ പുറത്തെടുത്തത്. ശ്രുതിക്ക് കാലിനാണ് പരിക്കേറ്റത്. വാനിലുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ പരിക്ക് സാരമുള്ളതല്ല. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെന്‍സനും കൂട്ടരും സഞ്ചരിച്ച വാഹനം കോഴിക്കോട് ഭാഗത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോട് മിംസിലെ അക്കൗണ്ടന്റാണ് ശ്രുതി. മുണ്ടക്കൈ ദുരന്തത്തില്‍ ശ്രുതിയ്ക്ക് കുടുംബത്തെ ഒന്നാകെ നഷ്ടമായിരുന്നു. അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. അപകടത്തിന് മുന്‍പായിരുന്നു ജെന്‍സന്റേയും ശ്രുതിയുടേയും വിവാഹ നിശ്ചയം. ഇതേ ദിവസമായിരുന്നു ശ്രുതിയുടെ വീടിന്റെ പാലുകാച്ചലും.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപകടം ഉരുളിന്റെ രൂപത്തിലെത്തിയത്. വിവാഹാവശ്യത്തിനായി സ്വരുക്കൂട്ടിയിരുന്ന പണവും സ്വര്‍ണവുമെല്ലാം ഉരുളെടുത്തിരുന്നു. എങ്കിലും ജെന്‍സന്റെ ചേര്‍ത്തുപിടിക്കലില്‍ വിഷമങ്ങളെല്ലാം മറന്ന് ജീവിതത്തിലേക്ക് കടക്കുരയായിരുന്നു ശ്രുതി. ഡിസംബറില്‍ ഇരുവരുടേയും വിവാഹവും നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് വാഹാനാപകടത്തിന്റെ രൂപത്തില്‍ വിധി ജെന്‍സനേയും ശ്രുതിയില്‍ നിന്ന് തട്ടിയെടുത്തത്.












Click it and Unblock the Notifications