വയനാട് കൽപ്പറ്റയിൽ റിസോർട്ട് നടത്തിപ്പുകാരനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കല്‍പ്പറ്റ: റിസോർട്ട് നടത്തിപ്പുകാരനായ മധ്യവയസ്കനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ സാമുവലിന്റെ മകന്‍ നെബു എന്ന വിന്‍സെന്റ് സാമുവല്‍ (52) ആണ് മരിച്ചത്. മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപം വിസ്പറിംഗ് വുഡ്‌സ് എന്ന റിസോര്‍ട്ടിലെ ഒരു ഹട്ടിൽ ഇന്ന് പുലർച്ചെയാണ് കസേരയിൽ കുത്തേറ്റ് ഇരിക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്. ശരീരമാസകലം രക്തത്തില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്ന രീതിയിലാണ് മൃതദേഹം. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്ത പാടുകളുണ്ട്. ഇന്നലെ രാത്രി നടന്ന കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

വയനാടിന്റെ ടൂറിസം രംഗത്ത് സജീവമായിരുന്ന നെബു സുൽത്താൻബത്തേരി ആരാധന ടൂറിസ്റ്റ് ഹോം ഉടമയും വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമാണ്. കൽപ്പറ്റ സ്വദേശി ഡോ.രാജുവിന്റ ഉടമസ്ഥതയിലുള്ള റിസോർട്ട് ഒരാഴ്ച മുമ്പ് പാട്ടത്തിനെടുത്ത നെബു റിസോർട്ടിൽ അറ്റകുറ്റപ്പണികൾ നടത്തിവരികയായിരുന്നു. ഡോ: രാജു ഈ റിസോർട്ട് വില്പനക്ക് വച്ചിരിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications