കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ ലീഗ്: നൂല്‍പ്പുഴ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായേക്കും
സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ ലീഗം നേതൃത്വം തീരുമാനിച്ചതോടെ നൂല്‍പ്പുഴ പഞ്ചായത്തിലെ യുഡിഎഫ് ഭരണം പ്രതിസന്ധിയില്‍. ഭിന്നത പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ഡി സി സി നേതൃത്വം യോഗം വിളിച്ച് ചേർത്തിരുന്നെങ്കിലും ഡി സി സി. പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതൃത്വവും വിട്ടുനിന്നു. ഇതാണ് മുസ്ലീം ലീഗ് നേതൃത്വത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
യു ഡി എഫ് ബന്ധം അവസാനിപ്പിക്കുന്ന വിഷയത്തിൽ അന്തിമതീരുമാനമെടുക്കുന്നതിനായി ബുധനാഴ്ച മുസ്‍ലിംലീഗിന്റെ ഉന്നതതല യോഗംചേരും. പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് യു ഡി എഫില്‍ പൊട്ടിത്തെറി സൃഷ്ടിച്ചിക്കുന്നത്. 2020 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിച്ചപ്പോള്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ആദ്യത്തെ രണ്ട് വർഷം കോണ്‍ഗ്രസും പിന്നീട് ലീഗിനും എന്നതായിരുന്നു ധാരണ.

ധാരണ പ്രകാരമുള്ള കാലയളവ് കഴിഞ്ഞെങ്കിലും അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അധ്യക്ഷസ്ഥാനം വിട്ടുനൽകുന്നതിൽ തീരുമാനമെടുക്കാനായി കോൺഗ്രസ് നേതൃത്വം കൂടുതൽ സമയം ആവശ്യപ്പെടുകയാണ്. എന്നാല്‍ ഇതിന് ലീഗ് നേതൃത്വം തയ്യാറല്ല. ധാരണകൾ പാലിക്കപ്പെടണമെന്നും അല്ലെങ്കിൽ മുന്നണിയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നുമാണ് ലീഗ് വ്യക്തമാക്കുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍ ലീഗ് യു ഡി എഫ് വിടുകയാണെങ്കില്‍ അത് പഞ്ചായത്ത് ഭരണത്തെ ബാധിക്കും. പഞ്ചായത്തിൽ ആകെയുള്ള 17 സീറ്റിൽ ഒമ്പതെണ്ണമാണ് യു ഡി എഫിനുള്ളത്. ഇതിൽ കോൺഗ്രസിന് അഞ്ചും ലീഗിന് നാലും അംഗങ്ങളാണുള്ളത്. ഒരു കാരണവശാലും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം വേണമെന്നുള്ള ആവശ്യത്തിൽനിന്ന് പിന്നോട്ട് പോവില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം വിട്ടുകൊടുക്കണമെന്ന് ഡി സി സി നേതൃത്വം നിർദേശിച്ചാലും പ്രാദേശിക കോൺഗ്രസ് നേതൃത്വം അത് അംഗീകരിക്കാൻ സാധ്യതയില്ല.
നൂല്‍പ്പുഴ പഞ്ചായത്തിന് പിന്നാലെ ബത്തേരി അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് വിഷയത്തിലും മുസ്‍ലിംലീഗിനുള്ളിൽ കടുത്ത അതൃപ്തിയുണ്ട്. മുന്നണിയില്‍ കൂടിയാലോചനയില്ലാതെ മുസ്ലിം ലീഗ് നേതൃത്വം ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്നാണ് ആരോപണം. 13 അംഗ ബാങ്ക് ഭരണസമിതിയിലേക്ക് ആദ്യം രണ്ട് സീറ്റുകളാണ് തങ്ങൾക്ക് കോൺഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇത് പിന്നീട് ഒരു സീറ്റിലേക്ക് മാത്രമാക്കി ഒതുക്കിയെന്നും ലീഗ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ യു ഡി എഫ് യോഗം ചേർന്നിട്ടില്ലെന്നും പാർട്ടി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications