വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 93 ആദിവാസി കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികളായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള 93 കൈവശരേഖകള്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ വിതരണം ചെയ്തു. ഓര്‍ക്കാനിഷ്ടമില്ലാത്ത മുത്തങ്ങ സമരത്തിന്റെ ഭീതി ഇന്നും അവരിലുണ്ട്. ദുരിതവും, ഒളിവുജീവിതവും കഴിഞ്ഞപ്പോള്‍ തലചായ്ക്കാനിടമില്ലായിരുന്നു. ഇന്ന് ഒരേക്കര്‍ ഭൂമിയുടെ കൈവശ രേഖ കൈകളിലെത്തുമ്പോഴുമ്പോഴും അവരില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ തവണ പട്ടയം കിട്ടിയവര്‍ക്ക് ലഭിച്ച ഭൂമി വാസയോഗ്യമല്ലാത്ത വിഷയമാണ് അതിലൊന്ന്. എന്നാല്‍ ഇനിയാ വിഷയമുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പതിനാറ് വര്‍ഷത്തിലേക്കടുക്കുമ്പോഴും സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും വാസയോഗ്യമായ ഭൂമി ഇതുവരെ ലഭ്യമായിട്ടില്ലെന്ന വസ്തുത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ പട്ടയം നല്‍കിയത് 143 പേര്‍ക്കായിരുന്നു. എന്നാല്‍ ഇതില്‍ പലര്‍ക്കും നിശ്ചയിച്ച ഭൂമി ലഭ്യമായിട്ടില്ലെന്ന പരാതിയുണ്ട്. ചിലര്‍ക്ക് കിട്ടിയതാവട്ടെ വാസയോഗ്യമല്ലാത്ത സ്ഥലവും. ഇത്തവണ പട്ടയം നല്‍കിയ 93 പേര്‍ക്ക് വെളളരിമല,ചുണ്ടേല്‍,മൂപ്പൈനാട്,വാളാട്, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട് എന്നിവടങ്ങളിലാണ് ഒരു ഏക്കര്‍ ഭൂമി വീതം ഇവര്‍ക്കായി നല്‍കുന്നത്.

landdocuments

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 283 പേര്‍ക്കാണ് കൈവശരേഖ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ 236 പേര്‍ക്ക് കൈവശരേഖയായി. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2003 ഫെബ്രുവരി 19ന് നടന്ന മുത്തങ്ങ സമരത്തില്‍ പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. വിനോദ് എന്ന പൊലീസ് കോണ്‍സ്റ്റബിളും, ആദിവാസിയായ ജോഗിയും. സമരത്തെ തുടര്‍ന്നുണ്ടായ കേസുകളുടെ കാര്യമാണെങ്കില്‍ അതിലും വിചിത്രമാണ്. കഴിഞ്ഞ 15 വര്‍ഷമായി കേസില്‍പ്പെട്ട ആദിവാസികള്‍ കോടതി കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. പൊലീസ് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ വിചാരണ പോലും ഇതുവരെ നടന്നില്ല.

ഇല്ലാത്ത കുറ്റം ചുമത്തപ്പെട്ടതായുള്ള ആരോപണങ്ങളും നിലനില്‍ക്കുകയാണ്. അന്ന് സമരത്തിന് നേതൃത്വം നല്‍കിയ ആദിവാസി ഗോത്രസഭാ നേതാക്കളായ സി കെ ജാനുവും, എം ഗീതാനന്ദനും ഇപ്പോള്‍ രണ്ട് വഴിക്കാണ്. ബി ജെ പി പാളയത്തിലെത്തിയ ജാനു ഇപ്പോള്‍ എല്‍ ഡി എഫിനൊപ്പമാണ്. ഗീതാനന്ദന്‍ ഗോത്രമഹാസഭയില്‍ തന്നെ ഉറച്ച് നിന്ന് ആദിവാസി വിഷയങ്ങളില്‍ ഇടപ്പെട്ട് കൊണ്ടിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ബാനറില്‍ മത്സരിച്ച ജാനു മുത്തങ്ങ സമരം നടന്ന ബത്തേരി നിയോജകമണ്ഡലത്തില്‍ നിന്നും തോല്‍വിയേറ്റുവാങ്ങി. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കൂടിയാണ് മുത്തങ്ങയില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പട്ടയം വിതരണം ചെയ്തതെന്നതും ശ്രദ്ധേയമാണ്.


കൈവശാവകാശരേഖയുമായി മുത്തങ്ങ സമരം നടത്തിയ ആദിവാസികള്‍

Wayanad
English summary
muthanga land strike and lad acquisition conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X