മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഭരണം വീണ്ടും എല്‍ ഡി എഫിന്: പ്രസിഡന്റിനെ തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ
കല്‍പ്പറ്റ: മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഭരണമാറ്റം. എല്‍ ഡി എഫ് ഭരിച്ചിരുന്ന ഗ്രാമപഞ്ചായത്ത് മാസങ്ങള്‍ക്ക് മുമ്പാണ് യു ഡി എഫ് തിരിച്ചുപിടിച്ചത്. എന്നാല്‍ വീണ്ടും ഭരണം എല്‍ ഡി എഫിന്റെ കൈകളിലേക്ക് തന്നെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ എം നജീം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് യു ഡി എഫിനൊപ്പം ചേര്‍ന്നതോടെയായിരുന്നു ഭരണം യു ഡി എഫിന് ലഭിച്ചത്.

മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എല്‍ ഡി എഫിലെ പി ഭരതന്‍
ഒമ്പതാം വാര്‍ഡ് മെമ്പറായിരുന്ന യു.ഡി.എഫിന്റെ സി.കെ ബാലകൃഷ്ണനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. എന്നാല്‍ നജീം പ്രസിഡന്റ് സ്ഥാനത്തോടൊപ്പം മെമ്പര്‍സ്ഥാനവും രാജിവെച്ചതായി രേഖകളില്‍ വ്യക്തമായതോടെയാണ് ഭരണം വീണ്ടും അനിശ്ചിതത്വത്തിലായത്. വിഷയം ഹൈക്കോടതിക്ക് മുമ്പില്‍ വരെയെത്തിയിരുന്നു. തുടര്‍ന്ന് നിയമപോരാട്ടങ്ങളും നടന്നു. എന്നാല്‍ നജീമിന്റെ പ്രസിഡന്റ്, മെമ്പര്‍ സ്ഥാനത്തേക്കുള്ള രാജി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കുകയും, ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം വോട്ടെടുപ്പിലൂടെ നിര്‍ണയിക്കണമെന്ന് ഉത്തരവിടുകയുമായിരുന്നു.
ഇതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. നജീമിന്റെ അംഗത്വം റദ്ദായ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. സി പി എമ്മിലെ പി ഭരതനും, കോണ്‍ഗ്രസിലെ സി കെ ബാലകൃഷ്ണനും തമ്മിലയായിരുന്നു മത്സരം. ഇരുപക്ഷത്തിനും ഒരേ വോട്ട് കിട്ടിയതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പ് നടക്കുകയായിരുന്നു.
ഇതില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പി ഭരതനെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് ജില്ലാ വ്യവസായ കേന്ദ്രം റിട്ടേണിംഗ് ഓഫീസര്‍ പി.പ്രേംരാജാണ് വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ നടത്തിയത്. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എ എം നജീമിന്റെ വാര്‍ഡായ കുട്ടമംഗലത്ത് ഇനി ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ വാര്‍ഡ് വിജയിക്കുന്നവര്‍ക്ക് ഭൂരിപക്ഷത്തോടെ മുട്ടില്‍ഗ്രാമപഞ്ചായത്തില്‍ ഭരണത്തിലെത്താനാവും.












Click it and Unblock the Notifications