നേട്ടങ്ങളുടെ നെറുകയില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം: ഇത്തവണ സ്വന്തമാക്കിയത് സംസ്ഥാനസര്‍ക്കാരിന്റെ കായകല്‍പ് അവാര്‍ഡ്
സുല്‍ത്താന്‍ബത്തേരി: സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം തുടങ്ങിയ വിലയിരുത്തി പോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കായാകല്‍പ്പ് അവാര്‍ഡ് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്. രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ഈ തുക ഉപയോഗിച്ച് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ജില്ലയിലെ മികച്ച ആരോഗ്യകേന്ദ്രമായാണ് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തെ തിരഞ്ഞെടുത്തത്.
ജില്ലയിലെ മറ്റ് കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നിന്നും നൂല്‍പ്പുഴയെ വേറിട്ട് നിര്‍ത്തുന്ന നിരവധി സവിഷേതകളുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പരിശോധനാ മുറി, ലബോറട്ടറി, ശീതീകരിച്ച ഫാര്‍മസി, പ്രൈമറി-സെക്കന്‍ഡറി വെയ്റ്റിങ് ഏരിയ, നവീകരിച്ച വാര്‍ഡ്, സ്ത്രീകള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, ഷീ-ടോയ്‌ലറ്റ്, അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഡെഫിബ്രിലേറ്റര്‍ സംവിധാനം, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും സഹായമായി ഇലക്ട്രിക് ഓട്ടോറിക്ഷ, ആദിവാസി കുട്ടികള്‍ക്കായി ആശുപത്രി വളപ്പില്‍ തന്നെ ഒരുക്കിയ ഹൈടെക് പാര്‍ക്ക് തുടങ്ങിയവയാണ് ഈ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രത്യേകതകള്‍.

കൂടാതെ ആശുപത്രി വളപ്പില്‍ ഔഷധ സസ്യോദ്യാനവും പൂന്തോട്ടവുമുണ്ട്. ഇതെല്ലാം അവാര്‍ഡ് നിര്‍ണയത്തിന്റെ ഓരോഘട്ടങ്ങളിലും പരിഗണിക്കപ്പെട്ടു. നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റ് 98 ശതമാനം മാര്‍ക്കോടെയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന് നല്‍കിയത്. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ അശുപത്രികള്‍ എന്നിവയില്‍ നിന്നു തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് പുരസ്‌കാരം നകിവരുന്നത്.

ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മിറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരത്തിന് ദേശീയതലത്തില്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരം നേടിയിട്ടുള്ള നൂല്‍പ്പുഴ ആശുപത്രിക്ക് മറ്റൊരു നേട്ടം കൂടിയാവുകയാണ് കായാകല്‍പ്പ് പുരസ്‌ക്കാരം.












Click it and Unblock the Notifications