വയനാട് വൈശ്യന്‍ കോളനിയില്‍ ശുചീകരണം നടത്തി; മാതൃകയായി കോഴിക്കോട് കൊടിയത്തൂര്‍ മഹല്ല് പ്രവര്‍ത്തകര്‍
കോട്ടത്തറ: മഴക്കെടുതിയില്‍ വെള്ളം കയറി പൂര്‍ണമായി മുങ്ങിപ്പോയ കോട്ടത്തറ വൈശ്യന്‍ ഗോത്ര കോളനിയിള്‍ ശുചീകരണപ്രവര്‍ത്തനവുമായി അയല്‍ജില്ലക്കാര്‍. കോഴിക്കോട് ജില്ലയിലെ സൗത്ത് കൊടിയത്തൂര്‍ മഹല്ലായ ഖാദിമുല്‍ ഇസ്ലാം സംഘത്തിന്റെ 21 അംഗ വളണ്ടിയര്‍മാരാണ് കോട്ടത്തറ പഞ്ചായത്തിലെ വൈശ്യന്‍ ഊരിലെ മുഴുവന്‍ വീടുകളും പെയിന്റ് ചെയ്ത് മോടി കൂട്ടുകയും ശുചീകരണം നടത്തുകയും ചെയ്തത്.
ജില്ലയില്‍ ശുചീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെയാണ് കോഴിക്കോട് ജില്ലയില്‍ നിന്നും വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കം രൂക്ഷമായ കോട്ടത്തറയിലേക്ക് കൊടിയത്തൂര്‍ മഹല്ല് പ്രവര്‍ത്തകരെത്തിയത്. പണിയായുധങ്ങളും പെയിന്റിംഗ് വസ്തുക്കളും കുടിവെള്ളമടക്കമുള്ള ഭക്ഷണ സാധനങ്ങളുമായെത്തിയ സംഘത്തെ കോളനിവാസികളായ ശങ്കരന്റെയും ലീലയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.

പരിസരം ശുചീകരിച്ച് കോളനിക്കാരുടെ സഹായത്തോടെ വീടുകള്‍ പെയിന്റ് ചെയ്തതിന് ശേഷം ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് സംഘം മടങ്ങിയത്. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ വൈശ്യന്‍ ഊരില്‍ അമ്പത് വീടുകളിലും അഞ്ച് ഷെഡുകളിലുമായി 16 കുടുംബങ്ങളാണ് താമസിക്കുന്നത്. 92 അംഗങ്ങളാണ് ഈ കോളനിയിലുള്ളത്. ഇതില്‍ 45 ഓളം പേര്‍ കുട്ടികളാണ്.
കാലവര്‍ഷക്കെടുതിയില്‍ ദിവസങ്ങളോളം വീടുകള്‍ വെള്ളത്തിനടിയിലായതിനാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളിലെ ദുരിതാശ്വാസക്യാംപിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരിച്ചെത്തിയപ്പോള്‍ ചെളിയും ദുര്‍ഗന്ധവും കാരണം കോളനിയിലെ വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വീടിന്റെ അകവും പുറവും പരിസരവും ഒരുപോലെ ചെളി നിറഞ്ഞ് വാസയോഗ്യമല്ലാതായി.
കൊടിയത്തൂരില്‍ നിന്നെത്തിയ സംഘം കോട്ടത്തറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരവും വൃത്തിയാക്കി പെയിന്റ് ചെയ്തു. പെയിന്റിംഗ്,ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളപ്പില്‍ റഷീദ്, പി.സി.അബ്ദുനാസര്‍, സി.പി.സൈഫുദ്ധീന്‍, കെ.കെ.മുഹമ്മദാലി, തറമ്മല്‍ അബു, നേതൃത്വം നല്‍കി. ജില്ലയില്‍ സഹായവുമായി വിവിധ സംഘടനകളെത്താറുണ്ടെങ്കിലും ശുചീകരണത്തിനായി ഒരു സംഘം ആളുകളെത്തിയത് ശ്രദ്ധേയമായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications