പാർട്ടിക്കുള്ളിൽ എതിർപ്രവർത്തനമുണ്ടായി: മാനന്തവാടിയിലെ തോൽവി കെപിസിസി അന്വേഷിക്കണം, പികെ ജയലക്ഷ്മി
മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ മാനന്തവാടി യിൽ ഒആർ കേളുവിനെ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കകം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്തി പികെ ജയലക്ഷ്മി.

കമ്മറ്റിയെ നിയോഗിക്കണം
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മാനന്തവാടി നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തെക്കുറിച്ച് അന്വേഷിക്കണം എന്ന ആവശ്യമാണ് മുൻ മന്ത്രിയും മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന പികെ ജയലക്ഷ്മി ആവശ്യപ്പെട്ടിട്ടുള്ളത്. കെപിസിസിയ്ക്ക് മുമ്പാകെയാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

എതിർപ്രവർത്തനങ്ങൾ
കോൺഗ്രസിലെ താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തകർ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് പാർട്ടിക്കുള്ളിൽ എതിർപ്രവർത്തനങ്ങളുണ്ടായെന്നും വിലയിരുത്തുന്നുണ്ട്. മാനന്തവാടി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നുള്ളവർ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയ്ക്കെതിരായി പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് രണ്ട് മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിച്ചിട്ടും യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നിലുള്ള കാരണം ഇതാണെന്നും വിലയിരുത്തുന്നുണ്ട്.

പ്രചാരണത്തിൽ പിഴവ്
വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ സ്വപ്ന പദ്ധതി ന്യായ് പദ്ധതിയെക്കുറിച്ചും പ്രകടന പത്രികയിൽ കോൺഗ്രസ് മുന്നോട്ടുവെച്ച കർഷകർക്കുള്ള കടാശ്വാസ പദ്ധതിയെക്കുറിച്ചോ വോട്ടർമാർക്കിടയിൽ പാർട്ടി പ്രവർത്തകർ വേണ്ടത്ര പ്രചരിപ്പിച്ചില്ലെന്നും ഇതെല്ലാം തിരിച്ചടിയായെന്നും വിലയിരുത്തുന്നുണ്ട്. അതേ സമയം തന്നെ കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സ്ഥുതി പാഠകരെന്നോണമായിരുന്നു പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്തുകൊണ്ട് നിശബ്ദത
യുഡിഎഫിലെ നല്ലൊരു വിഭാഗം പ്രവർത്തകരും മാനന്തവാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പികെ ജയലക്ഷ്മിയ്ക്ക് പ്രചാരണത്തിനിറങ്ങിയപ്പോഴും ഒരു വിഭാഗം പാർട്ടി പ്രവർത്തകരും നേതാക്കളും സജീവമായി പ്രചാരണത്തിനിറങ്ങാതെ നിശബ്ദരായി തുടരുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിനായി ഇറങ്ങി പ്രവർത്തിച്ച പാർട്ടി പ്രവർത്തകരെയും ഭാരവാഹികളെയും അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും പികെ ജയലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനും കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുമായി കെസിപിപി തന്നെ മുൻകയ്യെടുത്ത് അന്വേഷണ സമിതിയ്ക്ക് രൂപം നൽകണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications