തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം. ശമ്പളപരിഷ്ക്കരണമടക്കം ഇതുവരെ നടപ്പിലാക്കാത്തതാണ് തൊഴിലാളികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്. എസ്റ്റേറ്റ് പാടികളുടെ ശോച്യാവസ്ഥയും തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. തോട്ടം മേഖലയില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ശമ്പളം, സര്‍വീസ് ബോണസ്, പുതപ്പ് കുടിശിക, പി എഫ് തുക, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കാതെയാണ് മാനേജ്മെന്റ് പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. മെയ് എട്ടിന് കോഴിക്കോട് ആര്.ജെ.എന്‍.സി.മുമ്പാകെ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം പത്താംതിയ്യതി വരെ ജോലി ചെയ്ത് പതിനഞ്ചാം തിയ്യതി ശമ്പളം നല്‍കാമെന്ന കരാറാണ് മാനേജ്മെന്റ് ലംഘിച്ചത്.
എലസ്റ്റണ്‍ എസ്റ്റേറ്റ് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് മാനേജ്മെന്റ് ലേബര്‍ ആക്ട് കാറ്റില്‍ പറത്തിക്കൊണ്ട് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് ഐക്യട്രേഡ് യൂണിയന് രൂപം നല്കി.
മെയ് 16ന് തൊഴിലാളികളെ അണിനിരത്തിക്കൊണ്ട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്താനും, 20ന് തൊഴിലാളികള്‍ എസ്റ്റേറ്റ് ഭൂമി കൈവശപ്പെടുത്തി തേയില ചപ്പ് പറിച്ചുനില്ക്കുമെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. യോഗത്തില്‍ സമരസമിതി ചെയര്മാന് ഇ.മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു.ട്രേഡ് യൂണിയന് നേതാക്കളായ യു.കരുണന്, എന്‍ വേണു മാസ്റ്റര്‍,എന്‍.ഒ.ദേവസ്യ,കെ.സെയ്തലവി,സാംപി മാത്യു എന്നിവര്‍ സംസാരിച്ചു.