കര്‍ക്കിടക വാവുബലി; ബലിതര്‍പ്പണത്തിന് തിരുനെല്ലി അടക്കമുള്ള ക്ഷേത്രങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും; കലക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു
കല്‍പ്പറ്റ: കര്‍ക്കിടക വാവുബലി ദിവസം ബലിതര്‍പ്പണത്തിന് ജില്ലയിലെ തിരുനെല്ലി അടക്കമുള്ള ക്ഷേത്രങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ബലിതര്‍പ്പണത്തിന് കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ, ദക്ഷിണകാശിയെന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിലെ ബലിതര്‍പ്പണത്തിനായി പതിനായിരങ്ങളാണ് എല്ലാവര്‍ഷവും എത്തിച്ചേരാറുള്ളത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നത്.
ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് സുഗമായി ചടങ്ങ് നടത്തി മടങ്ങാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിന് ട്രാഫിക്, വാഹന പാര്‍ക്കിംഗ് തുടങ്ങിയവയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനാണ് ചുമതല നല്‍കിയിരിക്കുന്നത്. എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി. വളണ്ടിയര്‍മാര്‍ ഭക്തജനങ്ങളെ സഹായിക്കാനുണ്ടാകും. ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും പരിസരങ്ങളിലും നിരീക്ഷണത്തിനായി സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കും.

ഫെസിലിറ്റേഷന്‍ സെന്റര്‍, ബസ് സ്റ്റാന്റ്, റോഡ് എന്നിവിടങ്ങളില്‍ മതിയായ വെളിച്ചം ലഭ്യമാക്കും. പൊന്‍കുഴി, കാട്ടിക്കുളം, തിരുനെല്ലി എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ ടീമിനെ ഒരുക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെയും ചുമതലപ്പെടുത്തി. തിരുനെല്ലി പൊലെ തന്നെ പ്രസിദ്ധമായി പൊന്‍കുഴി ശ്രീരാമക്ഷേത്രത്തിലും ബലിതര്‍പ്പണം നടത്താന്‍ എത്തിച്ചേരാറുള്ളത് ആയിരങ്ങളാണ്. ഇവിടെയും ഈ സൗകര്യങ്ങളെല്ലാമുണ്ടാകും.
ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ദേവസ്വവും ക്ഷേത്ര കമ്മിറ്റിയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഇതോടൊപ്പം തന്നെ ബലിതര്‍പ്പണത്തിനെത്തുന്നതിനായി മതിയായ വാഹന സൗകര്യം ഒരുക്കുന്നതിന് ആര്‍.ടി.ഒ.യോടും താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഡി.ടി.പി.സി, പി.ഡബ്ല്യു.ഡി. കെട്ടിട വിഭാഗത്തോടും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടനുബന്ധിച്ച് ഹോട്ടലുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഫുഡ് സേഫ്റ്റി വിഭാഗവും, ശുചിത്വമിഷന്‍ അധികൃതരുടെ സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും. വന്യമൃഗങ്ങളില്‍ നിന്നുള്ള സുരക്ഷയ്ക്കായി ക്ഷേത്രപരിസരത്തുള്ള വനമേഖലകളില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ പട്രോളിംഗ് ഏര്‍പ്പെടുത്തും. ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കും. ജൂലൈ 31നാണ് ഇത്തവണത്തെ കര്‍ക്കിടക വാവുബലി. പുലര്‍ച്ചെ ആരംഭിക്കുന്ന ബലിതര്‍പ്പണച്ചടങ്ങുകള്‍ ഉച്ചയോടെയാണ് അവസാനിക്കുക.












Click it and Unblock the Notifications