നവകേരളത്തിനായി ഒരു ദിനം; വയനാട്ടില്‍ തിങ്കളാഴ്ച സ്വകാര്യബസ്സുകളോടിയത് നാടിന് കൈത്താങ്ങാകാന്‍
കല്‍പ്പറ്റ: വയനാട്ടില്‍ തിങ്കളാഴ്ച സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നടത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപീക്കാന്‍. കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ഓടണമെന്ന സംസ്ഥാന ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഹ്വാനപ്രകാരമായിരുന്നു ജില്ലയിലും സര്‍വീസ് നടത്തിയത്.
ഉടമകളുടെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും ഒപ്പം തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനവും ചേര്‍ത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി നടത്തിയ കാരുണ്യയാത്രയില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍ പങ്കാളികളായതും ശ്രദ്ധേയമായി.

ഡി.പി.സി.യോഗത്തില്‍ എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ ബസ് ജീവനക്കാരുടെ കൂട്ടായ്മയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു ബസ്‌യാത്രയില്‍ പങ്കെടുത്തത്. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് സിവില്‍സ്റ്റേഷന്‍ വരെയായിരുന്നു ജില്ലാപഞ്ചായത്തംഗങ്ങളുടെ യാത്ര. ജില്ലാ പഞ്ചായത്തംഗങ്ങളുടെ ഒരുമിച്ചുള്ള യാത്ര മറ്റുള്ളവരില്‍ കൗതുകവുമുണര്‍ത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, അനിലാ തോമസ്, എ.ദേവകി, ടി.ഉഷാകുമാരി, കെ.മിനി, പി.ഇസ്മായില്‍, വര്‍ഗീസ് മുരിയന്‍കാവില്‍, അഡ്വ.ഒ.ആര്‍.രഘു എന്നിവരാണ് യാത്രയില്‍ പങ്കെടുത്തത്. സ്വകാര്യബസുകളുടെ കാരുണ്യയാത്രയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

സ്വാകാര്യ ബസ്സുടമകുളുടേയും ജീവനക്കാരുടേയും ഈ കൂട്ടായ്മ കേരളത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.സുഗതന്‍, പി.കെ.രാജശേഖരന്‍, മുത്തലീബ് മാനന്തവാടി, രഞ്ജിത്ത് റാം, ടി.ജെ ബാബുരാജ് ,ബീരന്‍കുട്ടി ഹാജി,ഇ.ഖാലിദ്,മാര്‍വാന്‍ ബത്തേരി,കരീം മേപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.ടിക്കറ്റ് റാക്കറ്റില്ലാതെ ബക്കറ്റുമായാണ് കണ്ടക്ടര്‍മാര്‍ യാത്രക്കാരെ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications