പേവിഷ നിര്‍മാര്‍ജന പദ്ധതിയുമായി പുല്‍പ്പള്ളി; ആദ്യ ദിനം 1200 മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍
കല്‍പ്പറ്റ: വയനാട്ടില്‍ പേവിഷ ബാധയെ നേരിടാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഊര്‍ജിതമായ പേവിഷ നിര്‍മാര്‍ജന പരിപാടി ജില്ലയില്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ദിനം 1200 മൃഗങ്ങള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. വളര്‍ത്തുനായകളും പൂച്ചകളും അടക്കം ആദ്യ ദിനം വാക്‌സിനേഷന്‍ എടുത്തവയില്‍ വരും. ഗ്രാമപഞ്ചായത്തിലെ 34 കേന്ദ്രങ്ങളിലെ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ ആദ്യ ദിനം പൂര്‍ത്തിയായി.
രണ്ടാം ദിനം വനാതിര്‍ത്തിയിലെ ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് കുത്തിവെപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ക്യാമ്പുകളും തുടങ്ങും. ദാസനക്കര, പാക്കം, ചേകാടി, കാപ്പിക്കുന്ന്, പ്രദേശങ്ങള്‍ വരുന്ന ഇരുപത്തൊന്ന് കേന്ദ്രങ്ങളിലാണ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ക്യാമ്പുകള്‍ രണ്ട് ദിവസമാണ് ഉള്ളത്. എന്നാല്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഉടമസ്ഥരുള്ള 85 ശതമാനം വളര്‍ത്തുനായ്ക്കളുടെയും പൂച്ചകളുടെയും വാക്‌സിനേഷന്‍ ഈ ക്യാമ്പിലൂടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കരുതുന്നത്.
അതേസമയം 2019ലെ സെന്‍സസ് പ്രകാരം ഗ്രാമപഞ്ചായത്തില്‍ 1834 വളര്‍ത്തുനായകളും 26 തെരുവുനായകളും മാത്രമാണ് ഉള്ളത്. അതേസമയം ജില്ലാ പഞ്ചായത്ത് പറയുന്നത് പോലെയാണോ കാര്യങ്ങള്‍ എന്ന് കുറച്ച് ദിവസങ്ങള്‍ കൂടി നിരീക്ഷിച്ചാല്‍ മാത്രമേ മനസ്സിലാവൂ. തെരുവുനായ്കള്‍ വിചാരിച്ചതിലും എത്രയോ അപ്പുറമാണെന്ന് ജനങ്ങള്‍ കരുതുന്നുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വളര്‍ത്തുമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗോത്ര വര്‍ഗ സങ്കേതങ്ങളിലെയും തെരുവുകളിലെയും നായകളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും.
അതില്‍ മാത്രം നടപടികള്‍ ഒതുങ്ങി നില്‍ക്കില്ല. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി സംയോജനത്തിലൂടെ എബിസി പദ്ധതിയും തെരുവുനായ്ക്കള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമുകളും നിര്‍മിക്കും.












Click it and Unblock the Notifications