മൂലങ്കാവിലെത്തിയാല്‍ ബഷീറിന്റെ പാത്തുമ്മയെ കാണാം; ചുമര്‍ചിത്രത്തില്‍ അത്ഭുതം വിരിയിച്ച് റഷീദ് ഇമേജും സംഘവും
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരിക്ക് സമീപം മൈസൂര്‍ ദേശീയപാതയോട് ചേര്‍ന്നുകിടക്കുന്ന മൂലങ്കാവിലെത്തിയാല്‍ ഇനി വൈക്കം മുഹമ്മദ് വിഖ്യാതകൃതിയായ ബഷീറിന്റെ 'പാത്തുമ്മയുടെ ആടി'നെ കാണാം. ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് ലൗവ്വേഴ്‌സ് ഫോറത്തിന്റെ സ്ട്രീറ്റ് പെയ്ന്റിംഗിന്റെ ഭാഗമായാണ് മൂലങ്കാവ് നാഷണല്‍ ലൈബ്രറിയുമായി സഹകരിച്ച് മൂലങ്കാവ് ബസ്റ്റോപ്പിലും പരിസരത്തുമായി പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളെ പുനസൃഷ്ടിച്ചത്.
ചിത്രരചനക്ക് ചുക്കാന്‍ പിടിച്ച റഷീദ് ഇമേജിനൊപ്പം, നാഷണല്‍ ലൈബ്രറി പ്രവര്‍ത്തകരും അണിനിരന്നു. പാഴായി കിടക്കുന്ന വസ്തുക്കളിലും ചുമരുകളിലും സാന്ദര്‍ഭികമായ ചിത്രങ്ങള്‍ വരച്ചു പൊന്‍കുഴി മുതല്‍ ലക്കിടിവരെ സ്ട്രീറ്റ് ലൈവ് പെയിന്റിങ് നടത്തി ശ്രദ്ധേയനായിരുന്നു റഷീദ് ഇമേജ്.

വയനാടിനെ കൂടുതല്‍ മനോഹാരിതമാക്കുകയും വായനാട്ടിലേക്കുള്ള സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുവാനുമായി ഇത്തരമൊരു ആശയം സൃഷ്ടിച്ചതിന് പിന്നിലും ഗ്രീന്‍സ് വൈല്‍ഡ്ലൈഫ് ലവേഴ്സ് ഫോറത്തിന്റെ സ്ഥാപകന്‍ കൂടിയായ റഷീദായിരുന്നു. ഖത്തറില്‍ സൈഫ് പാക്കേജിങ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഹെഡ് കൂടിയായ റഷീദ് ഓരോ വെക്കേഷന് വരുമ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തുവരാറുണ്ട്.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ അഞ്ഞൂറിലധികം ആല്‍മരങ്ങള്‍ നട്ടുപരിപാലിച്ചിട്ടുള്ള റഷീദ് അന്തര്‍ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ചിത്രം വരക്ക് ശേഷം മൂലങ്കാവ് നാഷണല്‍ ലൈബ്രറിയില്‍ വെച്ച് യോഗവും ചേര്‍ന്നു. ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ എച്ചോം ഗോപി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സത്താര്‍, ഗ്രീന്‍സ് ഭാരവാഹികളായ നാസിര്‍ ലവ്‌ഡെയ്ല്‍, മിനി ഉതുപ്, നാഷണല്‍ ലൈബ്രറി പ്രസിഡന്റ് ജോണ്‍സണ്‍, സെക്രട്ടറി സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications