വയനാട്ടില്‍ കൂടുതല്‍ നടപടികള്‍; റിവേഴ്‌സ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നു
മാനന്തവാടി: പൂര്‍ണ്ണമായും കൊറോണ വൈറസ് രോഗമുക്തി നേടിയ വയനാട്ടില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കപ്പെടുത്തുകയാണ്. 11 മാസം പ്രായമായ കുഞ്ഞിന് ഉള്‍പ്പെടെ ഇവിടെ 8 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പിന്നാലെ വയനാട്ടില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് വയോജനങ്ങളില്‍ നിന്നും കൊറോണ വൈറസിനെ തടയുന്നതിനാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത്.

60 വയസിന് മുകളിലുള്ള പൗരന്മാര്‍, അനിയന്ത്രിതമായി പ്രമേഹരോഗമുള്ളവര്‍, അനിയന്ത്രിതമായി രക്തസമ്മര്‍ദമുള്ളവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞ എല്ലാ പ്രായത്തിലുമുള്ളവര്‍, രോഗ പ്രതിരോധ ശേഷി കുറക്കുന്ന മരുന്ന കഴിക്കുന്ന എല്ലാ പ്രായത്തിലുമുള്ളവര്‍, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവര്‍, ഗര്‍ഭിണികള്‍, പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള എല്ലാ പ്രായത്തിലുമുള്ളവര്‍ തുടങ്ങിയവരെയാണ് റിവേഴ്‌സ് ക്വാറന്റൈനില്‍ പാര്‍പ്പിക്കുക.
ഇന്നലെയായിരുന്നു വയനാട്ടില്‍ 11 മാസം പ്രായമായ കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചത്.
നേരത്തെ വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ചിരുന്ന ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുഞ്ഞിന്റെ അമ്മയ്ക്ക് രോഗമില്ലെന്ന് പരിശോധന ഫലത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇവരില്‍ എട്ട് പേരുടേയും രോഗത്തിന്റെ ഉറവിടം തമിഴ്നാട്ടിലെ കോയമ്പേട് പച്ചക്കറി ചന്തയാണ്. കോയമ്പേട് പച്ചക്കറിലോഡുമായി പോയി വന്ന ലോറി ഡ്രൈവറടക്കും മറ്റൊരാള്‍ക്കുമായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഇവരുടെ സമ്പര്‍ക്കം വഴി ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരെല്ലാവരും തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. വയനാട് ജില്ലയില്‍ 1855 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതില്‍ 1839 പേര്‍ വീടുകളിലും 16 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് ആറ് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയനാട് ജില്ലയില്‍ ഇന്ന് പുതുതായി ഒരു ഹോട്ട്സ്പോര്‍ട്ട് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ഇതോടെ 34 ഹോട്ട്സ്പോര്‍ട്ടുകളാണുള്ളത്.


Click it and Unblock the Notifications